പെട്രോൾ-ഡീസൽ തീവില അടങ്ങുമോ? വൻ വിലക്കുറവിൽ എണ്ണ തരാമെന്ന് റഷ്യ; ഓഫർ സ്വീകരിക്കാന്‍ കേന്ദ്രം
യുക്രൈൻ സൈനികനടപടിക്കു പിന്നാലെ റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ഉപരോധം ശക്തമാകുന്നതിനിടെ കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ രാജ്യത്തെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രം. ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിൽ എണ്ണയും മറ്റ് ചരക്കുകളും നൽകാമെന്ന റഷ്യൻ ഓഫർ കേന്ദ്രസർക്കാർ സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയിൽ ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ രണ്ടു മുതൽ മൂന്നുവരെ ശതമാനം മാത്രമാണ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തുവന്നിരുന്നത്. എന്നാൽ, ഈ വർഷം ഇതിനകം തന്നെ എണ്ണവിലയിൽ 40 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. റഷ്യയിൽനിന്ന് കൂടുതൽ കുറഞ്ഞ നിരക്കിൽ അസംസ്‌കൃത എണ്ണ എത്തിക്കാനായാൽ കുതിച്ചുയരുന്ന എണ്ണവിലയെ ഒരുപരിധി വരെയെങ്കിലും പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രമുള്ളത്.