റഷ്യൻ കപ്പലുകൾ തകർത്ത് യുക്രെയ്ൻ; നാറ്റോ പ്രകോപിപ്പിച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യ

0

കീവ് • മരിയുപോളിനു സമീപം റഷ്യൻ നിയന്ത്രണത്തിലുള്ള ബെർദ്യാൻസ്ക് തുറമുഖത്ത് റഷ്യൻ കപ്പലുകൾ തകർത്ത് യുക്രെയ്ൻ സേന. യുക്രെയ്ൻ സൈന്യം പങ്കുവച്ച വിഡിയോയിൽ തുറമുഖത്ത് കിടക്കുന്ന റഷ്യൻ യുദ്ധക്കപ്പലായ ഓർസ്ക് കത്തിയമരുന്ന ദൃശ്യങ്ങൾ കാണാം. സമീപമുള്ള രണ്ടു കപ്പലുകൾക്കും കേടുപാടുണ്ട്. സൈന്യത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കാൻ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെർദ്യാൻസ്ക്. ഓർസ്ക് കപ്പൽ തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച റഷ്യൻ ടിവി ചാനലുകൾ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. സ്ഫോടനത്തിൽ ഓർസ്ക് പൂർണമായും നശിച്ചു. തുറമുഖത്തെ മറ്റു കപ്പലുകളുടെ നാശനഷ്ടം എത്രയെന്നു വ്യക്തമല്ല. നാറ്റോ കൂടുതൽ സൈനികസഹായം നൽകണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. പോരാടുന്നതു മുഴുവൻ യൂറോപ്പിനും വേണ്ടിയാണെന്നു പറഞ്ഞ സെലെൻസ്കി, യുക്രെയ്നിനു യൂറോപ്യൻ യൂണിയനിൽ പൂർണ അംഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു വിഡിയോയിൽ ജീവൻ നഷ്ടമാകും മുൻപ് റഷ്യക്കാരോടു യുക്രെയ്ൻ വിട്ടുപോകാൻ സെലെൻസ്കി ആഹ്വാനം ചെയ്തു.

You might also like