10 മണിക്കൂർ പവർകട്ട്, ഇന്ധനക്ഷാമം; ശ്രീലങ്ക ‘ഒരു പേടിസ്വപ്നം’
1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക ദുരന്തമാണ് ഇന്ന് ശ്രീലങ്ക നേരിടുന്ന്ത്. മെഴുകു തിരി വെളിച്ചത്തില്‍ രാജ്യം എല്ലാ രാത്രികളും തള്ളി നീക്കുന്നു. ഇന്ധനത്തിന് വേണ്ടിയുള്ള നീണ്ട നിര ഇന്ന് ശ്രീലങ്കയുടെ പല ഭാഗത്തും കാണാം. ഇന്ധനത്തിനു പുറമെ അവശ്യസാധനങ്ങൾക്കടക്കം തൊട്ടാൽ പൊള്ളുന്ന വിലയാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിലേക്കടക്കം ആളുകൾ പലായനം ചെയ്യുന്ന സാഹചര്യമാണുള്ളത്. വിദേശ കറൻസിയുടെ അഭാവം കാരണം പ്രധാന ഇറക്കുമതികൾ എല്ലാം നിർത്തി. എന്തിനേറെ ജീവൻ രക്ഷാ മരുന്നുകൾക്കടക്കം രാജ്യത്ത് വലിയ ക്ഷാമമാണ്. രാജ്യത്ത് സർക്കാറിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ എങ്ങനെ ജീവിക്കുമെന്നാണ് ആളുകൾ ചോദിക്കുന്നത്. രാജ്യത്തെ ശസ്ത്രക്രിയകളെല്ലാം നിർത്തി വെച്ചു എന്ന വാർത്തയാണ് പുതിയതായി വരുന്നത്. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു