‘ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തും’; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർഥി മറൈൻ ലെ പെൻ

0

പാരീസ്:  പൊതുസ്ഥലത്ത് ഹിജാബ് (Hijab) ധരിക്കുന്ന മുസ്ലീങ്ങൾക്ക് പിഴ ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി  ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ ലെ പെൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎൽടി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മറൈൻ ലെ പെൻ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ പൊതു ഇടങ്ങളിലും ശിരോവസ്ത്രം നിരോധിക്കുമെന്ന് ലെ പെൻ പറഞ്ഞു. കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന നിയമം പോലെ ഇതും നടപ്പാക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തത് നിയമവിരുദ്ധമായതിന് സമാനമായി, ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അവർ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഉൾപ്പെടെ വാഗ്ദാനം ചെയ്ത പല നിയമങ്ങളും നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ പരിഗണിക്കുമെന്നും ലെ പെൻ പറഞ്ഞു. ഫ്രാൻസിൽ സ്കൂളുകളിൽ മതചിഹ്നം ധരിക്കുന്നതും പൊതു സ്ഥലങ്ങളിൽ മുഖം മറക്കുന്ന തരത്തിലുള്ള ബുർഖ ധരിക്കുന്നതും വിലക്കിയിരുന്നു.  53 കാരിയായ ലെ പെൻ  പ്രചാരണ വേളയിൽ കുടിയേറ്റ വിരുദ്ധ നിലപാടിൽ മയം വരുത്തിയിരുന്നു. പകരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്. ഈ മാറ്റം അവർക്ക് കൂടുതൽ സാധ്യത നൽകിയെന്നും വിദദ്ധർ വിലയിരുത്തി. അവസാന സർവേയിൽ നിലവിലെ പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായ ഇമ്മാനുവൽ മക്രോണുമായുള്ള അകലം ലെ പെൻ കുറച്ചിരുന്നു. മാക്രോണിന് 54 ശതമാന പിന്തുണ ലഭിച്ചപ്പോൾ ലെ പെന്നിന് 46 ശതമാനമാണ് പിന്തുണ.

You might also like