റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ; കപ്പൽ തകർന്നത് സ്ഥിരീകരിച്ച് റഷ്യ
മോസ്കോ: കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ (Russian warship) പൊട്ടിത്തെറി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ (Ukraine)അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കപ്പലിൽ പൊടുന്നനെ തീപിടുത്തം ഉണ്ടായെന്നും ആയുധശേഖരത്തിലേക്ക് പടർന്നുവെന്നും റഷ്യൻ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന സൈനികർ അടക്കം 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യ പറയുന്നു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ റഷ്യ തയാറായില്ല. അന്വേഷണം തുടങ്ങിയെന്നാണ് വിശദീകരണം.
എന്നാൽ നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ച് കപ്പൽ ആക്രമിച്ചു തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പൽ പൊട്ടിത്തെറിച്ചു മുങ്ങി എന്നാണു ഒഡേസ ഗവർണർ അവകാശപ്പെട്ടത്. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ സ്നേക്ക് ഐലൻഡിലെ യുക്രൈൻ സൈനികരെ റഷ്യ ആക്രമിച്ചത് ഈ കപ്പൽ ഉപയോഗിച്ചായിരുന്നു. മിസൈൽ അയച്ച് യുദ്ധ കപ്പൽ തകർത്തുവെന്ന യുക്രൈൻ അവകാശവാദം ശരിയാണെങ്കിൽ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.