ഈസ്റ്ററിനെങ്കിലും ശമ്പളം കിട്ടുമോ സർക്കാരേ? കെഎസ്ആർടിസി ജീവനക്കാർ ചോദിക്കുന്നു, സിഐടിയുവും കടുത്ത നിലപാടിൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള വിതരണം നീളുന്നു. ഈസ്റ്ററിനു മുമ്പ് മാര്‍ച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാനുള്ള സാധ്യത മങ്ങിയ അവസ്ഥയാണ്.. 84 കോടി വേണ്ട സ്ഥാനത്ത് സര്‍ക്കാര്‍ 30 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ഓവര്‍ഡ്രാഫ്റ്റായെടുത്ത് കണ്ടെത്താനാണ് മാനേജ്മെന്‍റ് നീക്കം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത ബുധനാഴ്ച വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.
ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓപീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6ന് പണിമുടക്കും. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നും ടിഡിഎഫ് അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു (CITU) തന്നെ സമരം നയിക്കുന്നതിൻറ സമ്മർദ്ദത്തിലാണ് ഇടത് സർക്കാർ.