യുക്രൈനെ വിട്ടുനൽകില്ല, അവസാനം വരെ പോരാടും; സെലെൻസ്കി
രാജ്യത്തെ വിട്ടുനൽകാൻ തയ്യാറല്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ് മേഖലയിൽ മോസ്കോ സൈന്യത്തിനെതിരെ പോരാടാൻ തയ്യാറാണെന്നും സെലെൻസ്കി. CNN-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുക്രൈൻ പ്രസിഡന്റ് നയം വ്യക്തമാക്കിയത്. ഡോൺബാസ് മേഖല നൽകിയാൽ കീവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യൻ നേതൃത്വത്തെയും സൈന്യത്തെയും താൻ വിശ്വസിക്കുന്നില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനിൽപ്പ് തുടരുമെന്നും കീവിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങൾക്കൊപ്പമായിരിക്കും എന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലെൻസ്കി ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുക്രൈനിലെ ജന ജീവനെ പുടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിച്ചേക്കും. പേടിയില്ല മറിച്ച് തയ്യാറെടുപ്പുകളാണ് വേണ്ടതെന്നും സെലെൻസ്കി വ്യക്തമാക്കി. നേരത്തെ നാറ്റോ സഖ്യത്തിൽ ചേരുകയാണെങ്കിൽ റഷ്യ ആണവായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഉപ ചെയർമാൻ മുന്നറിയിപ്പ് നൽകിയിരുന്നു