ദില്ലിയിൽ കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു; പുതിയ 1009 കേസുകൾ, ടിപിആർ ഉയരുന്നു

0

ദില്ലി: രാജ്യതലസ്ഥാനത്ത് ഇന്ന് 1,009 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇന്നലത്തെ അപേക്ഷിച്ച് 60 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയർന്നു.

കോവിഡ് കേസുകളിൽ ആഴ്ചകളോളം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ദില്ലി വീണ്ടും കൊവിഡ് ഭീതിയിലേക്ക് നീങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 11നും 18നും ഇടയിൽ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വർധിച്ചു. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരിൽ മൂന്ന് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്.

അതിനിടെ ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ ഇന്ന് ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. രാജ്യതലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്. നിലിവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ദില്ലിയിലാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ദില്ലി ലെഫ്റ്റനൻറ് ഗവർണർ അനിൽ ബെയ്ജാലിൻറെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.

You might also like