അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവര്‍ക്ക് ക്യാഷ് അവാര്‍ഡിന് ശുപാര്‍ശ

0

തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ (Accident) ആശുപത്രിയില്‍ എത്തിക്കുന്നവർക്ക് ഇനി മുതൽ ക്യാഷ്  അവാർഡ് നൽകും. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. കേന്ദ്ര സർക്കാരാണ് അവാർഡ് ഏർപ്പെടുത്തിയത്. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പൊലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. അവാര്‍ഡിന് അര്‍ഹത ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്‍റെ ഒരു പകര്‍പ്പ് രക്ഷപ്പെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും. ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. 

You might also like