ആരാധനാലയങ്ങളോട് വേർതിരിവോ?
ആരാധനാലയങ്ങളോട് വേർതിരിവോ?
കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പൂട്ടിയിട്ട ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നോട്ടീസ് അയച്ചു.
രാജ്യത്തെ ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, ഗുരുദ്വാരകൾ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയോ പ്രവേശനം പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്.
രാജ്യ വ്യാപകമായി ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗിതാർഥ് ഗംഗാ ട്രസ്റ്റ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻറെ നടപടി.
കോവിഡ് അടച്ചിടൽ മനുഷ്യരുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ അവർക്ക് ആരാധനാലയങ്ങളെ ആശ്രയിക്കാനുള്ള അവസരം നിഷേധിക്കരുതെന്നാണ് ഹർജിക്കാരുടെ വാദം.
ഭരണഘടനയുടെ 14, 19 (1എ, ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആരാധന നടത്താനുള്ള സ്വാതന്ത്യം ഇപ്പോൾ ലംഘിക്കപ്പെടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡിൻറെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറ്റു മേഖലയിൽ ഇളവു നൽകുന്പോൾ ആരാധനാലയങ്ങൾക്കു മാത്രം നിയന്ത്രണങ്ങൾ നിലനിർത്തുന്നതു വേർതിരിവു കാണിക്കുന്നതിനു തുല്യമാണെന്നും ഹർജിക്കാർ വാദിച്ചു.