കളിച്ചാല്‍ നാറ്റോ താവളങ്ങള്‍ ഭസ്മമാക്കും, യുക്രൈന് ആയുധം നല്‍കിയാല്‍ പണി ഉറപ്പെന്ന് റഷ്യ

0

റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുക്രൈനെ സഹായിക്കുന്ന നാറ്റോ രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയാണ് നാറ്റോ രാജ്യങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയത്. റഷ്യയ്ക്ക് എതിരായി യുദ്ധം ചെയ്യുന്നതിന് ആയുധം നല്‍കുന്നതിനെ ചെറുക്കാനും ആ ശ്രമം തകര്‍ക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും മരിയ സഖറോവ പറഞ്ഞു. ”ഇത് ആത്യന്തികമായി യുക്രൈന്‍ മണ്ണില്‍ രക്തച്ചൊരിച്ചിലിനാണ് ഇടവരുത്തുക. അങ്ങനെ വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നാറ്റോ രാജ്യങ്ങള്‍ക്കായിരിക്കും.”-മരിയ ക്രെംലിനില്‍ പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തിന് എതിരെ പൊരുതുന്ന യുക്രൈന്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുമെന്ന ബ്രിട്ടീഷ് സായുധ സേനാ മന്ത്രി ജെയിംസ് ഹെപ്പിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപുറകിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ഭീഷണി. റഷ്യക്കെതിരെ ആക്രമണം നടത്തുന്നതിന് യുക്രൈനിനെ സഹായിക്കുമെന്നായിരുന്നു ബ്രിട്ടീഷ് മന്ത്രി പറഞ്ഞത്. തങ്ങള്‍ക്ക് അതിനുള്ള ധാര്‍മികമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോകരാഷ്ട്രങ്ങള്‍ക്ക് എതിരെ ആണവായുധ ഭീഷണി മുഴക്കുന്ന റഷ്യന്‍ നയങ്ങള്‍ അപകടകരമാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞിരുന്നു. റഷ്യയ്ക്ക് എതിരെ ആയുധങ്ങള്‍ നല്‍കുന്നതിലൂടെ നാറ്റോ രാജ്യങ്ങള്‍ മൂന്നാം ലോക യുദ്ധത്തിനാണ് തുടക്കമിടുന്നതെന്ന് പറഞ്ഞ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി സെര്‍ജി ലാവ്‌റോവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇങ്ങനെ പറഞ്ഞത്. മറ്റ് രാജ്യങ്ങളെ ആക്രമിക്കാനാവാത്ത വിധം റഷ്യ തളരണമെന്നതാണ് തങ്ങളുടെ താല്‍പര്യമെന്നും അദ്ദേഹം ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു.

You might also like