ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; തീരുമാനം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ
കൊളംബോ: ശ്രീലങ്കയിൽ (Sri Lanka) വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്‍റിന്‍റെ നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. അതേസമയം, രാജിവെക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രംഗത്തെത്തി.
കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ പാർലമെന്റ് സമ്മേളനം 17 വരെ നിർത്തി വച്ചു. സർക്കാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടി. വിദ്യാർത്ഥി സംഘടനകൾ ഇന്ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വീശി. രാജിയാവശ്യം പ്രധാനമന്ത്രി മഹിന്ദ രജപക്സെ വീണ്ടും തളളി.