സംസ്ഥാനത്ത് കെ റെയിൽ 27 മേൽപ്പാലങ്ങൾ നിർമ്മിക്കും; റെയിൽവെ ബോർഡിന്റെ അനുമതിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ റെയിൽവേ ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കേരളാ റെയിൽ ഡവലപ്‌മെന്റ് കോർപറേഷന് റെയിൽവേ ബോർഡ് അനുമതി നൽകി. കേരളത്തിലെ ലെവൽ ക്രോസുകളിൽ റോഡ് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയലും 2021 ജൂലൈ ഒമ്പതിനാണ് ധാരണാ പത്രം ഒപ്പുവെച്ചത്. സെപ്റ്റംബർ ഒന്നിന് അഞ്ച് മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കെ-റെയിലിന് അനുമതി നൽകിയിരുന്നു.
പുതുക്കാട് – ഇരിഞ്ഞാലക്കുട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ പള്ളി ഗേറ്റ്, അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം-വാണിയമ്പലം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ പട്ടിക്കാട് ഗേറ്റ്, നിലമ്പൂർ യാർഡ് ഗേറ്റ്, പയങ്ങാടി-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഏഴിമല ഗേറ്റ് എന്നീ മേൽപാലങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്. ഇവ ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിലെ മേൽപ്പാലങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ കലക്ടർമാർക്ക് സമർപ്പിച്ചിട്ടുണ്ട്. ബാക്കി 22 മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചത്