സർക്കാർ പൂർണമായും കയ്യൊഴിയുമ്പോൾ എങ്ങനെ ശമ്പളം നൽകും, വെട്ടിലായി കെഎസ്ആർടിസി മാനേജ്മെന്റ്

0

തിരുവനന്തപുരം: സർക്കാരിന്റെ 105 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആർടിസി. താൻ കെഎസ്ആർടിസിയുടെ കണക്കപ്പിള്ളയല്ല, ഗതാഗത വകുപ്പിന്റെ മന്ത്രിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പ്രസ്താവനകളിലൂടെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുയാണ് മന്ത്രി ആന്റണി രാജു. തന്റെ വാക്ക് വിശ്വസിക്കാതെ സമരം ചെയ്ത ജീവനക്കാരോട് ഇനി വിട്ടുവീഴ്ചയില്ല. പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ വരുതിയിൽ നിർത്താൻ പറ്റാത്ത മാനേജ്മെന്റിനോടും നീരസം.

അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിലും തന്റെ നിലപാട് ആന്റണി രാജു ആവർത്തിച്ചു. മന്ത്രി പൂർണമായും കയ്യൊഴിയുന്പോൾ ശരിക്കും വെട്ടിലായത് മാനേജ്മെന്റ്. എങ്ങനെയെങ്കിലും ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മാനേജ് മെന്റ്. ഓവർ ഡ്രാഫ്റ്റ് വരെ എടുത്ത് ശന്പളം നൽകിക്കഴിഞ്ഞു. ഇനി ആ സാധ്യതയില്ല. സർക്കാർ ഇത്തവണയും 30 കോടിരൂപ നൽകി എന്നത് ആശ്വാസം. ഇനിയും വേണം 52 കോടി.

20 കോടി രൂപ വായ്പ നൽകാൻ ജീവനക്കാരുടെ സഹകരണ സൊസൈറ്റി തയ്യാറാണ്. സർക്കാർ ഗ്യാരണ്ടി നൽകിയാൽ പണം കൊടുക്കാമെന്ന് കെടിഡിഎഫ്സിയും പറയുന്നുണ്ട്. അവർ 30 കോടി രുപ നൽകും. പകരം അവിടെക്കിടക്കുന്ന 30 കോടിരൂപയുടെ ബോണ്ട് കാലാവധി പൂർത്തിയാക്കുന്പോൾ പണം കൊടുക്കണം.
അതിന് സർക്കാർ അനുമതി വേണം. ഉടക്കി നിൽക്കുന്ന സർക്കാർ അത് ചെയ്യുമോ. ആർക്കും ഒരു വ്യക്തതയും ഇല്ല. ചുരുക്കിപ്പറഞ്ഞാൽ സർക്കാരിന്റെ സഹായമില്ലാതെ ശ്വാസം വിടാനാവില്ല.

You might also like