KSRTC SWIFT : വരുമാനത്തില്‍ ‘കെ സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്’; ഒരു മാസത്തെ കണക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC SWIFT) ബസിന്‍റെ വരുമാനക്കണക്ക് പുറത്ത് വിട്ടു. ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്‍റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാല് സർവീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്. എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്.