ഭ്രൂണഹത്യ അവകാശമല്ല; വിധിയുമായി യു‌എസ് സുപ്രീം കോടതി

0

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ പ്രോലൈഫ് സമൂഹം ഏറെ പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിന്ന ആ വിധി ഒടുവില്‍ ഫലത്തില്‍. ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇന്നലെ അസാധുവാക്കപ്പെട്ടത്. ഇതോടെ ഭ്രൂണഹത്യ സംബന്ധിച്ച അനുമതി ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കു ലഭിച്ചു. അമേരിക്കയിലെ ആകെ 50 സംസ്ഥാനങ്ങളിൽ പകുതിയും ഗർഭഛിദ്രം വിലക്കുന്ന നിയമങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. 13 സംസ്ഥാനങ്ങൾ നേരത്തേതന്നെ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പ്രാബല്യത്തിലാകും. മറ്റ് അനേകം സംസ്ഥാനങ്ങളിലും വിധി ഉടന്‍ പ്രാബല്യത്തിലാകും.

സുപ്രീം കോടതിയിലെ 6 ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ മൂന്നുപേർ എതിർത്ത് വോട്ട് ചെയ്തു. ഭ്രൂണഹത്യ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ പൗരന്മാരെ ഭരണഘടന വിലക്കുന്നില്ലെന്ന് കോടതിയുടെ വിധി പ്രസ്താവനയിൽ പറഞ്ഞു. റോ വേഴ്സസ് വേഡ് കേസിലെ വിധി ഈ അവകാശം അപഹരിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അന്ന് എടുത്ത തീരുമാനങ്ങൾ റദ്ദാക്കുന്നുവെന്നും, അധികാരം ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തവർക്കും തിരികെ നൽകുന്നുവെന്നും കോടതി പ്രസ്താവിച്ചു.

ജസ്റ്റിസ് സാമുവേൽ അലീറ്റോയാണ് കോടതി വിധി എഴുതിയത്. ജസ്റ്റിസ് ക്ലാരൻസ് തോമസ്, ജസ്റ്റിസ് ആമി കോണി ബരറ്റ്, ജസ്റ്റിസ് ജോൺ റോബോട്ട്സ്, ജസ്റ്റിസ് ബ്രറ്റ് കവന്ന, ജസ്റ്റിസ് നീൽ ഗോർസുച്ച് എന്നീ ജഡ്ജിമാരാണ് വിധിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഭ്രൂണഹത്യ നിയമവിരുദ്ധം ആക്കുന്നില്ല, മറിച്ച് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാൻ വേണ്ടി സംസ്ഥാനങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ മാറിക്കിട്ടും എന്നതാണ് വിധിയെ പ്രസക്തമാക്കുന്നത്. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനം തന്നെയാണ് വിധി പ്രസ്താവം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

1973 മുതൽ അമേരിക്കയില്‍ ഭ്രൂണഹത്യയ്ക്കെതിരെ പോരാടുന്ന ക്രിസ്ത്യൻ സഭകൾക്കും, പ്രോലൈഫ് സംഘടനകൾക്കും വലിയ ആഹ്ലാദം പകരുന്നതാണ് ഈ സുപ്രീംകോടതി വിധി.

റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗർഭഛിദ്രത്തിനെതിരേ കർശന നിലപാടുകൾ സ്വീകരിച്ചിരിന്നു. അതേസമയം വിധി പ്രഖ്യാപനത്തിന് പിന്നാലെ രാജ്യമെമ്പാടും വലിയ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് പ്രോലൈഫ് സമൂഹം.

You might also like