നൈജീരിയയിൽ പ്രാർത്ഥനകൾക്ക് ഫലം കണ്ടു; തട്ടിക്കൊണ്ടുപോയ 45 അധ്യാപകരും വിദ്യാർത്ഥികളും സുരക്ഷിതമായി തിരിച്ചെത്തി

0

അബുജ: നൈജീരിയയിലെ ഓയോ സംസ്ഥാനത്ത് സായുധ സംഘം തട്ടിക്കൊണ്ടുപോയ 45 അധ്യാപകരും വിദ്യാർത്ഥികളും ദൈവിക കരുണയാൽ സുരക്ഷിതരായി തിരിച്ചെത്തി. രണ്ട് മാസത്തോളം നീണ്ട പ്രാർത്ഥനകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് ഇവർ തടവിൽ നിന്ന് മോചിതരായത്.

സുരക്ഷാ ഏജൻസികൾ നടത്തിയ സൈനിക നീക്കത്തിനൊടുവിൽ ജൂലൈ 10 വെള്ളിയാഴ്ചയാണ് ഇവരെ മോചിപ്പിച്ചത്. ഈ വാർത്ത വലിയൊരു ആശ്വാസമാണെന്നും മോചനത്തിന് പിന്നിൽ പ്രവർത്തിച്ച ദൈവത്തിന് നന്ദി അർപ്പിക്കുന്നതായും ഓയോ രൂപതാ ബിഷപ്പ് ഇമ്മാനുവൽ അഡെറ്റോയേസെ ബാഡെജോ പ്രതികരിച്ചു.

ഭാവിയിൽ ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരും ജനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ബിഷപ്പ് ബാഡെജോ ഓർമ്മിപ്പിച്ചു. ദുരന്ത സമയത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി അദേഹം പ്രത്യേക പ്രാർത്ഥനകൾ നേരുകയും അവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് 15 ന് ഒഗ്‌ബോമോഷോയിലെ സ്‌കൂളുകളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സായുധ സംഘം അതിക്രമിച്ചു കയറി അധ്യാപകരെയും കുട്ടികളെയും പ്രിൻസിപ്പലിനെയും തട്ടിക്കൊണ്ടുപോയത്. 60 ദിവസത്തോളം നീണ്ട ഭീതിജനകമായ നിമിഷങ്ങൾക്കൊടുവിലാണ് പ്രാർത്ഥനകൾക്ക് ഉത്തരമായി അവർ വീടുകളിലേക്ക് മടങ്ങുന്നത്. അക്രമികൾക്ക് യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചകളും നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി

You might also like