റഷ്യക്കെതിരെ പുതിയ സഹകരണം പ്രഖ്യാപിച്ച് ജി7 നേതാക്കൾ
യുക്രൈന്‍ തലസ്ഥാനത്തു പുടിന്‍ ബോംബിട്ട ദിവസം തന്നെ റഷ്യക്കെതിരെ പുതിയ സഹകരണം പ്രഖ്യാപിച്ച് ജി7 നേതാക്കള്‍. ജര്‍മനിയില്‍ ചേര്‍ന്ന ജി7 യോഗത്തിലാണ് ഏഴ് പ്രധാന ലോകശക്തികള്‍ ഇക്കാര്യം തീരുമാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും റഷ്യക്കെതിരെ നിലപാട് സ്വീകരിച്ചു.
യുദ്ധത്തില്‍ നിന്നും ഇപ്പോള്‍ പിന്നോട്ട് പോകുന്നത് ഗുരുതരമായ പിഴവാകുമെന്ന് ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ ഇപ്പോള്‍ സെലെന്‍സ്‌കിയെ സമാധാന കരാര്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് എതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി അത്ര സുഖത്തില്‍ അല്ലാതിരുന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ റഷ്യയെ തോല്‍പ്പിക്കുന്നത് തന്നെയാണ് ഒന്നാമത്തെ ഓപ്ഷനെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. സമാധാനം രണ്ടാമത്തെ കാര്യമാണെന്നും ഇരുവരും പറഞ്ഞു .
ജി7 രാജ്യങ്ങള്‍ ഒത്തുചേരവെ കീവില്‍ ബോംബിംഗ് നടത്താന്‍ തീരുമാനിച്ച പുടിന്റെ മനോഭാവമാണ് നേതാക്കളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. യുക്രൈനെ സമാധാന കരാറിലേക്ക് നയിക്കാന്‍ ലോകനേതാക്കള്‍ക്ക് സന്ദേശം നല്‍കാനാണ് റഷ്യ ശ്രമിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇതിന്റെ ഭാഗമായി യുക്രൈയിന് അടിയറ വെയ്‌ക്കേണ്ടി വരും.
പുടിനെ ഇപ്പോള്‍ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെ സമാനമായ അക്രമങ്ങള്‍ നടത്തുന്നത് തടയാന്‍ കഴിയില്ലെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തിലാണ് യുക്രൈയിന് കൂടുതല്‍ സൈനിക സഹായം നല്‍കി അവരുടെ കൈകള്‍ക്ക് കരുത്തേകാന്‍ പ്രധാനമന്ത്രി മറ്റ് നേതാക്കളോട് ആവശ്യപ്പെട്ടത്.