ട്രംപിനെതിരെ ക്ഷുപിതനായി ജോ ബൈഡൻ

0

പ്രകോപിതനായപ്പോൾ സട കുടഞ്ഞെണീറ്റ സിംഹത്തെ പോലെ പ്രസിഡൻറ് ജോ ബൈഡൻ മുൻഗാമി ഡൊണാൾഡ് ട്രംപിനെ കടന്നാക്രമിച്ചു. രാജ്യത്തു നിയമവാഴ്ചയില്ലെന്ന ട്രംപിന്റെ വിമർശനത്തിൽ ക്ഷുപിതനായാണ്‌, മുൻ പ്രസിഡന്റിനെ കുറിച്ച് സംസാരിക്കുന്ന പതിവില്ലാത്ത ബൈഡൻ കുപിതനാകാൻ കാരണമായത്‌.

“എന്നെ പഴഞ്ചൻ എന്ന് വിളിച്ചോളൂ,” ബൈഡൻ ട്വീറ്റ് ചെയ്തു. “പക്ഷെ ഒരു ആൾക്കൂട്ടം പൊലീസ് ഓഫീസറെ ആക്രമിക്കുന്നത് നിയമത്തോടുള്ള ബഹുമാനമാണെന്നു ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് ഒരേ സമയം കലാപത്തെ പ്രോത്സാഹിപ്പിക്കയും പൊലീസിനെ പിന്തുണയ്ക്കുകയും അമേരിക്കയെ സ്നേഹിക്കയും ചെയ്യാനാവില്ല.”

അധികാരമൊഴിഞ്ഞു ഫ്ളോറിഡയിലേക്കു പോയ ട്രംപ് 18 മാസം കഴിഞ്ഞു വാഷിംഗ്ടണിൽ തിങ്കളാഴ്ച തിരിച്ചെത്തിയത് അമേരിക്ക ഫസ്റ്റ് പോളിസി ഇന്സ്ടിട്യൂട്ടിൽ പ്രസംഗിക്കാനാണ്. യു എസിൽ അക്രമത്തെ നേരിടാൻ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. “ഈ രാജ്യത്തു നിയമത്തോട് ആദരവില്ല, തീർച്ചയായും ക്രമസമാധാന പാലനമില്ല. നമ്മുടെ രാജ്യം കുറ്റകൃത്യങ്ങളുടെ ചുഴിയിലാണ്.”

ഇതിൽ ക്ഷുപിതനായ ബൈഡൻ, അനുയായികൾ ക്യാപിറ്റോൾ ആക്രമിച്ചപ്പോൾ പ്രസിഡന്റായിരുന്ന ട്രംപിന് അതിനെ നിയന്ത്രിക്കാൻ ധൈര്യമുണ്ടായില്ല എന്ന് പറഞ്ഞു. “തിരഞ്ഞെടുപ്പിൽ തോറ്റ പ്രസിഡന്റ് മൂന്നു മണിക്കൂറോളം നടന്ന അക്രമം സ്വന്തം തീൻമുറിയുടെ സുഖത്തിൽ ഇരുന്നു കണ്ടു കൊണ്ടിരുന്നു. അപ്പോൾ ധീരന്മാരായ പൊലീസ് ഓഫീസർമാർ മധ്യകാലഘട്ടത്തിലെ നരക യാതന അനുഭവിക്കയായിരുന്നു; ചോരയിൽ മുങ്ങി, സംഹാരത്തിനു നടുവിൽ നിന്ന്, തോറ്റ പ്രസിഡന്റിന്റെ നുണകൾ കേട്ട് ഭ്രാന്തു പിടിച്ച ആൾക്കൂട്ടത്തെ നേരിട്ട്. അന്ന് പൊലീസ് വീരനായകന്മാർ ആയിരുന്നു. ഡൊണാൾഡ് ട്രംപിനു നടപടി എടുക്കാൻ ധൈര്യം ഉണ്ടായില്ല.”

തന്റെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു: “ഈ നവംബറിൽ രാജ്യത്തിൻറെ നശീകരണം നിർത്താൻ വേണ്ടി ജനങ്ങൾ വോട്ടു ചെയ്യും. അമേരിക്കയുടെ ഭാവി സുരക്ഷിതമാക്കാനും. 2022 ൽ നമ്മൾ ഗംഭീര വിജയം നേടും. 2024 ൽ വീണ്ടും റിപ്പബ്ലിക്കൻ പ്രസിഡന്റ് ഉണ്ടാവും.” 2020 ൽ താൻ രണ്ടാം തവണ ജയിച്ചതാണെന്ന നുണ ട്രംപ് ആവർത്തിച്ചു. “എന്തൊരു നാണക്കേടായിരുന്നു അന്ന് സംഭവിച്ചത്.” ജനുവരി 6ന്റെ പേരിൽ ട്രംപിന്റെ ജനപിന്തുണ കുറഞ്ഞുവെന്നു ചില അഭിപ്രായ വോട്ടെടുപ്പുകളിൽ കാണുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ, ട്രംപ് 2024 ൽ വേണ്ട എന്ന ആലോചന ശക്തമായിട്ടുമുണ്ട്. ഈ മാസം ആദ്യം ന്യൂ യോർക്ക് ടൈംസ്/ സിയെന കോളജ് പോളിൽ കണ്ടത് ജനപ്രീതിയിൽ മൂക്കു കുത്തിയ ബൈഡനു ട്രംപിനെ 44-41 ഭൂരിപക്ഷത്തിൽ തോൽപിക്കാൻ കഴിയും എന്നാണ്. ജനുവരി 6 കലാപത്തിൽ ട്രംപിനു നേരിട്ടു പങ്കുണ്ടായിരുന്നു എന്ന ആരോപണം നീതിന്യായ വകുപ്പ് അന്വേഷിച്ചു തുടങ്ങിയെന്നു ‘വാഷിംഗ്ടൺ പോസ്റ്റ്’ അതിനിടെ റിപ്പോർട്ട് ചെയ്തു.

You might also like