ഷാന്റിയെ തനിച്ചാക്കി ഭർത്താവും മക്കളും യാത്രയായി

0

ഓർമ്മകളിൽ തീരാനോവായി പാസ്റ്റർ മാത്യു ചാണ്ടിയും മക്കളും നിത്യതയിലേക്ക് യാത്രയായി. ഇമ്പങ്ങളുടെ പറുദീസയിലേയ്ക്ക് നിത്യ വിശ്രമത്തിനായ്. മരണത്തിന്റെ ക്രൂര വിനോദത്തെ ദൈവഹിതമെന്നു പറഞ്ഞാശ്വസിക്കുമ്പോഴും ഇരു ചിറകും ഒരു കാലും നഷ്ടപ്പെട്ട പക്ഷിയെ പോലെ തേങ്ങി തേങ്ങി കരയുകയാണ് പാസ്റ്റർ ചാണ്ടിയുടെ പ്രിയ സഹധർമ്മിണി ഷാന്റി.

ഇടുക്കി ജില്ലയിൽ കുമളി അണക്കരയിൽ വരയന്നൂർ വീട്ടിൽ പരേതനായ മാത്യു ഉലഹന്നാന്റെയും മറിയാമ്മയുടെയും മകനായി ഒരു സാധാരണ കർഷക കുടുംബത്തിൽ ആയിരുന്നു മാത്യു ചാണ്ടിയുടെ ജനനം. ചെറുപ്പം മുതൽ കഷ്ടപ്പാടിന്റെ വില അറിഞ്ഞു വളർന്ന മാത്യു ചാണ്ടി രക്ഷിക്കപ്പെട്ട് വിശ്വാസസ്നാനം ചെറുപ്പത്തിൽ തന്നെ സ്വീകരിച്ചു.

സുവിശേഷ വേലക്കുള്ള വിളി തിരിച്ചറിഞ്ഞ അദ്ദേഹം സെക്കുലർ വിദ്യാഭ്യാസത്തിനുശേഷം വേദപഠനത്തിനായി ചർച്ച് ഓഫ് ഗോഡിന്റെ കുമ്പനാട്ടുണ്ടായിരുന്ന ബൈബിൾ കോളേജിൽ 1997 മുതൽ 99 വരെ പഠിച്ചു. തികച്ചും സൗമ്യനും ശാന്തനും വാചനശുശ്രൂഷയിൽ സമർത്ഥനും ആയിരുന്നു പാസ്റ്റർ മാത്യു. വേദപഠനശേഷം കുമിളിയിലെ ചക്കുവള്ളം, ചെല്ലാർകോവിൽ എന്നീ സ്ഥലങ്ങളിൽ പ്രഥമ പ്രവർത്തനം തുടങ്ങി.

ചെല്ലാർകോവിലിൽ ചില വർഷങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി സ്ഥലം വാങ്ങി ദേവാലയം പണിതു. പ്രതിസന്ധികളുടെ നടുവിലും ആത്മാക്കൾ വിടുവിക്കപ്പെടുവാൻ അവിടെ ഇടയായി. തുടർന്ന് പത്തനംതിട്ട ജില്ലയിലെ കടമ്പനാട്ടും കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലടയിലും അനുഗ്രഹഹിക്കപ്പെട്ട ശുശ്രൂഷകൾ ചില വർഷങ്ങൾ ചെയ്തു. അവിടെനിന്നും എഴുമറ്റൂർ ദൈവസഭയിലേക്ക് സ്ഥലമാറ്റം ലഭിച്ചു. അവിടെയും തന്നിലുള്ള ദൈവീക പദ്ധതി തികച്ച്, റാന്നിയിൽ പൂവന്മല ദൈവസഭയിലേക്ക് എത്തി. അതാണ് ജീവിതത്തിൽ ദൈവം ഏൽപ്പിച്ച അവസാനത്തെ സഭയെന്ന് ആരും അറിഞ്ഞില്ല.

കട്ടപ്പന വളക്കടവിൽ പുതുപ്പറമ്പിൽ വീട്ടിൽ മാത്യു വർഗ്ഗീസിന്റെയും (കുഞ്ഞുകുഞ്ഞ്) മറിയാമ്മയുടെയും രണ്ടു പെൺമക്കളിൽ മൂത്തമകളായ ഷാന്റിയെ വിവാഹം കഴിച്ചു. ഷാന്റിയുടെ മാതാപിതാക്കന്മാർ വാർദ്ധക്യക്ഷീണത്താൽ വിശ്രമത്തിൽ ആയിരിക്കുന്നു. രണ്ട് പെൺ മക്കൾ ആയിരുന്നു പാസ്റ്റർ മാത്യു ചാണ്ടിക്കും ഷാന്റിക്കും. തികഞ്ഞ അച്ചടക്കവും മാതൃകാപരവും പ്രാർത്ഥനാ ജീവിതവും ഉള്ള മക്കളായിരുന്നു ഇരുപത്തിനാലു വയസ്സുകാരിയായ ഫേബമോളും പത്തൊമ്പതുകാരിയായ ബ്ലേസിമോളും. ഒരിക്കലും വിട്ടുപിരിഞ്ഞിട്ടില്ലാത്ത ആ ബന്ധം മരണത്തിലും അങ്ങനെ തന്നെയായിരുന്നു. അപ്പനൊപ്പം അവരും അങ്ങേക്കരയിലേക്ക് യാത്രയായി.

ഇപ്പോൾ സ്വന്തമായി ഈ ഭൂമിയിൽ ഒരു വീടില്ലാതെയാണ് നിത്യഭവനത്തിനായി അവർ പോയത്. കുമളിയിൽ അല്പം ഭൂമി മാത്രമാണ് ആകെയുള്ളത്. മൂത്തമകൾ ഫേബയുടെ നേഴ്സിങ് പഠനത്തിനായി എടുത്ത ബാങ്ക് ലോൺ തിരികെ അടക്കാതെ വലിയ ബാധ്യതയായി കിടക്കുന്നു. ഫേബയുടെ ആഗ്രഹം ആയിരുന്നു വിദേശത്ത് പോകണം, പപ്പയുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ഏകണം എന്നൊക്കെ. അതിനുവേണ്ടി ഒ.ഇ.റ്റി ക്ക് പഠിക്കുവാൻ ചേർന്നിരുന്നു, മാവേലിക്കരയിലേക്കുള്ള യാത്രയിലായിരുന്നു ദാരുണമായ അന്ത്യം.

പരുമല കോളേജിൽ ബി.സി.എ. വിദ്യാർഥിനിയായിരുന്നു രണ്ടാമത്തെ മകൾ ബ്ലെസി മോൾ. പഠനശേഷം മാതാപിതാക്കന്മാർക്ക് ഒരു മകനെപോലെ നിന്ന് എല്ലാം ചെയ്യണം എന്നായിരുന്നു ബ്ലെസിയുടെ ആഗ്രഹം. അതിന് നല്ലൊരു ജോലിയും സ്വപ്നം കണ്ടായിരുന്നു പഠനം. പക്ഷെ ജലനിരപ്പ് ഉയർന്ന തോടിന്റെ അടിയിലേക്ക് അവരെ മൂവരെയും മരണം താഴ്ത്തികൊണ്ടുപോയി. തിങ്കൾ രാവിലെ 7.10 നാണ് അപകടം നടന്നത്. ഇരുപത് മിനിറ്റോളം കാർ വെള്ളത്തിൽ താണു കിടന്നു. പുറത്തെടുക്കുമ്പോഴേക്കും മൂവരും ജീവനെ വെടിഞ്ഞിരുന്നു.

ഇന്ന് ദൈവദാസി ഷാന്റി ഒറ്റയ്ക്കായി. ആ അലമുറ കാണുന്നവരുടെ നെഞ്ചകം തകരുന്നു. ഒന്നും അറിയാതെ വിശ്രമിക്കുന്ന പാസ്റ്ററിനും കുഞ്ഞു മക്കൾക്കും അന്ത്യമോപചാരം അർപ്പിക്കുവാൻ നൂറുകണക്കിന് ജനം കുമ്പനാടും പൂവന്മലയിലും എത്തിച്ചേർന്നു. സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ, ഇതര സഭാ ബിഷപ്പുമാർ, പുരോഹിതന്മാർ, സഭാനേതാക്കന്മാർ, പാസറ്റർമാർ, വിശ്വാകളുടെയും മറ്റു ജനങ്ങളുടെയും വലിയ കൂട്ടമാണ് അവസാന കാഴ്ചക്കായി എത്തിയത്. ദൈവത്തിനും സമൂഹത്തിനും ചർച്ച് ഓഫ് ഗോഡ് സഭയ്ക്കും പാസ്റ്റർ മാത്യു ചാണ്ടിയും കുടുംബവും വിലയേറിയവരും മാന്യരും ആയിരുന്നു എന്നതിനുള്ള തെളിവാണ് ഈ ഭൗതീക ശരീരത്തിന് കൊടുക്കുന്ന ആദരവ്.

ആകസ്മിക മരണമാണ് മറ്റുള്ള മരണത്തെക്കാൾ മനുഷ്യനിൽ വേദനയുടെ ആഘാതം ഉളവാക്കുന്നത്. ഈ വേദന ഷാന്റി എന്ന ദൈവദാസിയിൽ നിന്നു മാറ്റുവാൻ മനുഷ്യർക്ക് സാധിക്കില്ല. ദൈവത്തിനു മാത്രം, അതേ അതാണ് സത്യം. എല്ലാ ബുദ്ധിമുട്ടിലും കർതൃദാസനൊപ്പം തുണയായി, പ്രചോദനമായി ശുശ്രൂഷയ്ക്ക് കൈത്താങ്ങായി നിന്ന ദൈവദാസിയെ ദൈവം മറക്കില്ല. അവരോടൊപ്പം വിശ്വാസി സമൂഹവും വായനക്കാരും കാണുമെന്നും നമുക്ക് ആശിക്കാം. മൃതദേഹങ്ങൾ അണക്കരയിലുള്ള ഭവനത്തിൽ എത്തിച്ചു. അവിടെയും നൂറുകണക്കിന് ജനങ്ങൾ അന്ത്യോപചാരം ആർപ്പിക്കുവാൻ എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് സംസ്ക്കാരം നടക്കും.

ദുഖത്തിലായിരിക്കുന്ന കുടുംബാങ്കങ്ങളെ സർവ്വകൃപാലുവായ ദൈവം ആശ്വസിപ്പിക്കുവാൻ നമുക്ക്‌ പ്രാർത്ഥനയിൽ ഓർക്കാം.

വാർത്ത കടപ്പാട്‌: ഷാജി ആലുവിള

 

You might also like