യെരുശലേം – പ്രവാസത്തിനു മുമ്പും പ്രവാസത്തിനു ശേഷവും!

0

വിലാ. 1:18 “യഹോവ നീതിമാൻ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൌവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.”

യെരുശലേമിന്റെ ദയനീയമായ അവസ്ഥയും അതിന്റെ പാപങ്ങളുടെ ന്യായമായ അനന്തരഫലങ്ങളും (1:1-11), ബന്ദിയാക്കപ്പെട്ട ഒരു സ്ത്രീകഥാപാത്രത്തിന്റെ വിലാപമായി യെരുശലേമിന്റെ തത്സ്ഥിതികൾ വർണ്ണിക്കപ്പെടുന്നു (1:12-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“നിലവിളിക്കുക” എന്നർത്ഥം വരുന്ന യവനായ (ഗ്രീക്ക്) പദത്തിൽ നിന്നാണ് ‘വിലാപങ്ങൾ’ എന്ന ശീർഷകത്തിന്റെ ഉത്ഭവം. ബാബേൽ പ്രവാസവും യിസ്രായേലിനുമേൽ അതു വരുത്തിവച്ച വലിയ വിപത്തും യെരുശലേം ദൈവാലയത്തിന്റെ കൊള്ളയടിയ്ക്കപ്പെടലും യഹൂദന്റെ ആത്മാഭിമാനത്തിനേല്പിച്ച ക്ഷതം അഞ്ചു ശോകകാവ്യങ്ങളിൽ വരച്ചുകാട്ടുന്ന പുസ്തകമാണ് വിലാപങ്ങളുടെ പുസ്തകം. ഗ്രന്ഥകാരനെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ആന്തരികമായി കൊടുക്കപ്പെട്ടിട്ടില്ലെങ്കിലും യിരെമ്യാ പ്രവാചകനാണ് ഈ ഗ്രന്ഥം എഴുതിയതെന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ നാല് അദ്ധ്യായങ്ങളും യഹൂദാ അക്ഷരമാലാ ക്രമത്തിലാണ് എഴുതപ്പെട്ടിട്ടുള്ളതെന്ന വിശേഷതയും ചൂണ്ടിക്കാണിക്കുവാനുണ്ട്. അഞ്ചു അദ്ധ്യായങ്ങളും നൂറ്റിയമ്പത്തിനാല് (154) വാക്യങ്ങൾ അടങ്ങിയിട്ടുള്ളതുമായ വിലാപങ്ങളുടെ പുസ്തകത്തിലൂടെയുള്ള ധ്യാനപ്പൂർവ്വമായ ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.

“അയ്യോ” എന്ന സന്താപദ്യോതക പദത്തോടെ ആരംഭിക്കുന്ന വിലാപങ്ങളുടെ പുസ്‌തകം അടിയോടന്തം ഒരൊറ്റ രേഖയിൽ സഞ്ചരിക്കുന്ന കാവ്യചാരുതയായി പഠിയ്ക്കുന്നതാണെനിക്കിഷ്ടം! ബാബേൽ പ്രവാസത്തിനു മുമ്പും പ്രവാസത്തിനു പിമ്പുമുള്ള യെരുശലേമിന്റെ അവസ്ഥയുടെ വൈരുദ്ധാത്മക ചിത്രീകരണമാണ് ഒന്നാം വാക്യത്തിന്റെ വായന. പ്രവാസത്തിനു മുമ്പ്, ജനപൂർണ്ണയായിരുന്നു; ജാതികളിൽ മഹതിയായിരുന്നു; സംസ്ഥാനങ്ങളുടെ നായിക ആയിരുന്നു യെരുശലേം. എന്നാൽ പ്രവാസാനന്തരം ഏകാന്തയായും, വിധവയായും, ഊഴിയവേലക്കാരിയായും യെരുശലേം തീർന്നിരിക്കുന്നു. യെരുശലേമിന്റെ കഠിനപാപവും (1:8), മലിനതയും (1:9), അതിക്രമങ്ങളുടെ നുകവും (1:14), കഠിനമായ മത്സരവും (1:20) നിമിത്തം ഇതൊക്കെയും സംഭവിച്ചു എന്ന ഏറ്റുപറച്ചിൽ ഈ വിലാപത്തിന്റെ കാര്യസാരമാണ്. ഒപ്പം, യഹോവയായ ദൈവത്തിന്റെ നീതിയുടെ പ്രഖ്യാപവും (1:18) മാറ്റേറിയ വസ്തുതയായി തന്നെ ഉയർത്തിക്കാട്ടുന്നു.

പ്രിയരേ, ദൈവം തന്റെ സകല പ്രവൃത്തികളിലും നീതിമാനും അവിടുത്തെ ക്രിയകൾ കുറ്റമറ്റതും ആയിരിക്കും. അവിടുത്തോളം എത്തുക എന്ന പദ്ധതിയിലൂന്നിയുള്ള അനുക്രമമാണ് അവിടുത്തെ തിരുവുള്ളം എന്നു കുറിയ്ക്കുവാനാണ് പ്രേരണ!

You might also like