ഐപിഎൽ അനിശ്ചിതത്വത്തില്‍, അടിയന്തരയോ​ഗം ചേർന്ന് ബി.സി.സി.ഐ; സർക്കാർനിർദേശപ്രകാരം തീരുമാനമെടുക്കും

0

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍. സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. വ്യാഴാഴ്ച പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു.

നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയിലാണ് ഉപേക്ഷിച്ചത്. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ഔദ്യോ​ഗിക വിശദീകരണമെങ്കിലും മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് മത്സരം റദ്ദാക്കിയതെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഐഎഎൻഎസ്സിനോട് പ്രതികരിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെയാണ് മത്സരം തടസ്സപ്പെട്ടത്. 10.1 ഓവറില്‍ 122-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 34 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. പ്രഭ്‌സിമ്രാന്‍ സിങ്(50), ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്.

നേരത്തേ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീന​ഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. ഇവയെല്ലാം ഇന്ത്യയുടെ എസ്400 ​ മിസൈൽ പ്രതിരോധ സംവിധാനം തകർത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

You might also like