“ഞാനൊരു സ്ത്രീയാണ്, അമ്മയാണ്, ക്രിസ്ത്യാനിയാണ്”: ഇറ്റാലിയൻ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ജോർജിയ മെലോണി

0

റോം: ഇറ്റലിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിന് സമാപനമായപ്പോൾ പ്രധാനമന്ത്രി പദത്തിലേക്ക് ജോർജിയ മെലോണിയ്ക്കു ശക്തമായ മുന്‍തൂക്കം കല്‍പ്പിക്കുന്നതിനിടെ അവരുടെ ക്രൈസ്തവ വിശ്വാസവും നിലപാടുകളും ഏറെ ശ്രദ്ധനേടുന്നു. ക്രിസ്ത്യൻ വിശ്വാസിയായ ജോർജിയ മെലോണി, തന്റെ പ്രസംഗങ്ങളിൽ താന്‍ ക്രൈസ്തവ വിശ്വാസിയാണെന്ന് നിരന്തരം വിശേഷിപ്പിക്കാറുണ്ട്.

“ഞാനൊരു സ്ത്രീയാണ്, അമ്മയാണ്, ഇറ്റലിക്കാരിയാണ്, ക്രൈസ്തവ വിശ്വാസിയാണ്, അത് എന്നിൽ നിന്ന് എടുത്തു മാറ്റാൻ ആർക്കും സാധിക്കില്ല,” – 2019ൽ നടത്തിയ ഒരു പ്രസംഗത്തിൽ ജോർജിയ മെലോണി പറഞ്ഞ ഈ വാക്കുകള്‍ ഉള്‍പ്പെടുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജീവന്റെ മഹത്വത്തെ മാനിക്കുന്നതും സ്വവര്‍ഗ്ഗാനുരാഗത്തെ ശക്തമായി എതിര്‍ക്കുന്നതും ഇവരുടെ ശ്രദ്ധേയമായ നിലപാടാണ്. കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന ആളാണ് മെലോണി. ഈ വർഷമാദ്യം സ്പെയിനിൽ വോക്സ് പാർട്ടിയുടെ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിൽ എൽജിബിടി ചിന്താഗതിയെ അവർ തള്ളി പറഞ്ഞിരുന്നു.

ജനന നിരക്ക് ഉയർത്താൻ വേണ്ടി ശിശുക്കളെ നോക്കാൻ സാമ്പത്തിക സഹായം നൽകി അമ്മമാരെ സഹായിക്കാൻ പദ്ധതികൾ കൊണ്ടുവരുമെന്ന് മെലോണി നേരത്തെ വാഗ്ദാനം ചെയ്തിരിന്നു. എൽജിബിടി ചിന്താഗതിയെ എതിർക്കും എന്നുള്ളത് മെലോണിയുടെ പ്രഖ്യാപിത നയങ്ങളുടെ ഭാഗം കൂടിയാണ്.  

സ്വവർഗ ബന്ധത്തിലുള്ളവർ കുട്ടികളെ ദത്തെടുക്കുന്ന വിഷയത്തിൽ അടക്കം എൽജിബിടി ചിന്താഗതിയെ ശക്തിയുക്തം എതിർക്കുന്ന രാഷ്ട്രീയ നേതാവായ അവര്‍ – ഒരു കുട്ടിയുടെ വളർച്ചയ്ക്ക് സ്വവര്‍ഗ്ഗമല്ല, മാതാവും പിതാവും വേണമെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. അനധികൃത കുടിയേറ്റത്തിനെതിരെയും ശക്തമായ സ്വരം ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. 

ഇറ്റലിയിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ തീരപ്രദേശത്ത് പെട്രോളിങ് നടത്തുമെന്ന് അവർ വ്യക്തമാക്കിയിരിന്നു. ഭാവി പ്രധാനമന്ത്രി, റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ഏറെ വേദനകളിലൂടെ കടന്നുപോകുന്ന യുക്രൈന്‍റെ പക്ഷത്താണെന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ഫാസിസ്റ്റ്, തീവ്രവലതുപക്ഷ വിശേഷണങ്ങൾ ഭ്രൂണഹത്യ അനുകൂല, സ്വവര്‍ഗ്ഗാനുരാഗികൾ മെലോനിയുടെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കാറുണ്ടെങ്കിലും, അവർ അതിനെയെല്ലാം തള്ളിക്കളയുന്നുണ്ട്.

നേരത്തെ മാരിയോ ഡ്രാഗിയുടെ സർക്കാർ നേതൃത്വത്തിലുള്ള സാമ്പത്തിക, സൈനിക പ്രതിസന്ധിയെ തുടർന്ന് നിലം പതിച്ചതാണ് തെരഞ്ഞെടുപ്പിന് കളം ഒരുക്കിയത്. മെലോണിയുടെ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി 26% വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ നേടിയത്. വലതുപക്ഷ പാർട്ടികളുടെ മുന്നണി ഉണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ മെലോണി നേരിട്ടത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പേര് നിർദ്ദേശിക്കുന്നത് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററല്ല ആയിരിക്കും. ജോർജിയ മെലോണിയുടെ പേര് പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുമെന്ന്‍ തന്നെയാണ് കരുതപ്പെടുന്നത്.

You might also like