നൈജീരിയയില്‍ പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കൂടുന്നു

0

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെന്യു സംസ്ഥാനത്തില്‍ ഈ മാസം ആദ്യം തുടക്കമിട്ട ക്രൈസ്തവ കൂട്ടക്കൊല തുടരുന്ന സാഹചര്യത്തില്‍ വീടുപേക്ഷിച്ച് പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിയ ആക്രമണങ്ങളില്‍ 22 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇതേ മേഖലയില്‍ തന്നെ സെപ്റ്റംബര്‍ 18-ന് നടന്ന ആക്രമണത്തില്‍ 3 പേര്‍ വീണ്ടും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭവനരഹിതരായ ക്രൈസ്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്. നിരവധി വീടുകളും അഗ്നിക്കിരയായെന്നു ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാല തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് ബെന്യു സംസ്ഥാനത്തിലെ ലോഗോ, ഗുമാ, ഗ്വേര്‍ എന്നീ മൂന്ന് കൗണ്ടികളിലായി ഏതാണ്ട് 6,000-ത്തിലധികം ക്രൈസ്തവര്‍ ഭവനരഹിതരായിട്ടുണ്ടെന്ന് ‘ബെന്യു സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി’യുടെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയായ ഇമ്മാനുവല്‍ ഷിയോര്‍ വെളിപ്പെടുത്തി.

ഫുലാനികളുടെ ആക്രമണങ്ങളില്‍ ദേവാലയങ്ങള്‍, സ്കൂളുകള്‍, ചന്തകള്‍, ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങിയവയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി മാസ്ക്വരേഡ് എന്നറിയപ്പെടുന്ന മുഖംമൂടിധാരികളായ ഗോത്രവര്‍ഗ്ഗക്കാര്‍ സെപ്റ്റംബര്‍ 18-ന് ലാങ്ടാങ് കൗണ്ടിയിലെ ഷികാല്‍ ഗ്രാമത്തിലെ അസ്സംബ്ലീസ് ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തിയ ആക്രമണത്തില്‍ വചനപ്രഘോഷകനും നിരവധി വിശ്വാസികള്‍ക്കും പരിക്കേല്‍ക്കുകയും, ദേവാലയത്തിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായും ഒരു പ്രദേശവാസി അയച്ച മൊബൈല്‍ സന്ദേശത്തില്‍ പറയുന്നു. മാസ്ക്വരേഡുകള്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് പതിവായി കൊണ്ടിരിക്കുകയാണെന്നും, ഈ ആക്രമണങ്ങള്‍ തടയുവാനോ, നിസ്സഹായരായ ക്രിസ്ത്യാനികളെ സഹായിക്കുവാനും സര്‍ക്കാരോ അധികാരികളോ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. തൊട്ടുമുന്‍പത്തെ ദിവസം കൗണ്ടിയുടെ മധ്യവടക്കന്‍ മേഖലയില്‍ ആക്രമണം നടത്തിയ ഫുലാനികള്‍ അറുപതോളം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയിരിന്നു.

സെപ്റ്റംബര്‍ 13, 14 തീയതികളിലായി കടുണ സംസ്ഥാനത്തിലെ കാജുരു കൗണ്ടിയിലെ ജാഗരണ പ്രാര്‍ത്ഥനക്കിടെ ക്രൈസ്തവരുടെ വീടുകള്‍ കയറി ഫുലാനികള്‍ 57 പേരെ തട്ടിക്കൊണ്ടുപോവുകയുണ്ടായി. ഇതിനിടെ, മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നിന്നും അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തിയതിന് വധശിക്ഷ കാത്ത് കഴിയുന്ന നാല് ക്രൈസ്തവരെ കോടതി കുറ്റവിമുക്തരാക്കിയെന്ന് മതപീഡന നിരീക്ഷക സംഘടനയായ റിലീസ് ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like