സോരിന്റെ കുറ്റവും ശിക്ഷയും
യെഹെ. 26:3 “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.”
സോരിന്റെ വീഴ്ച പ്രഖ്യാപിക്കപ്പെടുന്നതിന്റെ (26:1-21) വായനയാണ് ഈ അദ്ധ്യായം.
മെഡിറ്ററേനിയൻ സമുദ്ര തീരത്തു ആക്രയ്ക്കും സീദോനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രാചീന ഫൊയ്നിക്യൻ രാജ്യമാണ് സോർ. ദാവീദിന്റെ അരമനയുടെ നിർമ്മാണത്തിലും (2 ശമു. 5:11,12) ശലോമോന്റെ അരമനയുടെയും ആലയത്തിന്റെയും നിർമ്മാണത്തിലും (2 ദിന. 2) തൊഴിലാളികളെയും നിർമ്മാണ സാമഗ്രികളും മറ്റും കൈമാറ്റം ചെയ്യുന്നതിൽ സോർ രാജാവായ ഹീരാം വഹിച്ച പങ്കു വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സമുദ്രതീരത്തു പണിതുറപ്പിക്കപ്പെട്ടിരുന്ന നഗരമായിരുന്നതിനാൽ വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണയകമായ സ്ഥാനം സോരിനുണ്ടായിരുന്നു. യെരുശലേമിന്റെ വീഴ്ച സംഭവിച്ചതിന്റെ അനുബന്ധമായി സോർ നിരൂപിച്ച മനക്കോട്ടയുടെ ചിത്രമാണ് ഇവിടുത്തെ കാര്യസാരം. അതായത്, യെരുശലേം അക്രമിക്കപ്പെടുകയും പ്രവാസം സംഭവിക്കുകയും ചെയ്തതിനാൽ സോരിനു വ്യാപാര മേഖലയിൽ വ്യക്തമായ കുതിപ്പ് ഉണ്ടാകുമെന്നു അവർ കണക്കുകൂട്ടുന്നു. “ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു” (26:2) എന്ന പ്രയോഗത്തിനു “ജനതകളുടെ കവാടമായ അവൾ തകർന്നിരിക്കുന്നു; അതു എനിക്കായി തുറന്നിരിക്കുന്നു” എന്നാണു ശരിയായ വായന. യെരുശലേമിന്റെ ശൂന്യത സോരിന്റെ നിറവിനു കാരണമാകുമെന്ന് അവർ കരുതുന്നു. എന്നാൽ അത്തരം കണക്കുകൂട്ടലുകൾ തച്ചുടയ്ക്കപ്പെടുന്ന ദൃശ്യമാണ് പിൽക്കാലത്തു ലോകം കണ്ടതെന്ന് പറഞ്ഞാൽ കാര്യം വ്യക്തമാകുമല്ലോ! സമുദ്രത്തിലെ തിരമാലകൾ ഇരച്ചു കയറി കരയിൽ കണ്ടതെല്ലാം നക്കിയെടുക്കുന്നതു പോലെ സോരിന്റെ സകല പ്രതീക്ഷകളെയും അസ്ഥാനത്താക്കിയുള്ള ബാബേൽ (ബി സി 585-572), മഹാനായ അലക്‌സാണ്ടർ (ബി സി 332) മുതലായവർ ഈ പട്ടണത്തെ നാമാവശേഷമാക്കി. എ ഡി 1291 ൽ മുസ്ലീങ്ങൾ ഈ പട്ടണത്തെ പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞു എന്നു ചരിത്രം സാക്ഷിക്കുന്നു.
പ്രിയരേ, യെരുശലേമിന്റെ നാശം തന്റെ മടി നിറയ്ക്കുന്ന കൊയ്ത്തായി കരുതിയ സോർ, ന്യായവിധി ഏറ്റുവാങ്ങി. അപരന്റെ നാശത്തിലൂന്നിയുള്ള സ്വയത്തിന്റെ അഭിവൃദ്ധിയുടെ പ്രതീക്ഷകൾ നിറവേറപ്പെടുകയില്ലെന്നു ഇവിടെ വ്യക്തമല്ലേ! അന്യരോടുള്ള സഹതാപവും താതാത്മ്യപ്പെടലും ദൈവിക ഗുണവിശേഷങ്ങളായി അനുകരിക്കുന്നതാണ് കരണീയമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.