കൊളംബിയയിലെ ക്രിസ്ത്യൻ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമം

0

ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ ക്രിസ്ത്യൻദേവാലയം അഗ്നിക്കിരയാക്കുവാന്‍ ഭ്രൂണഹത്യ അനുകൂലികളുടെ ശ്രമം. നിയമപരവും സുരക്ഷിതവുമായ ഭ്രൂണഹത്യ വേണമെന്ന ആവശ്യവുമായി സെപ്റ്റംബര്‍ 28 രാത്രിയില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. മാര്‍ച്ചിനിടെ ഒരു സംഘം ഭ്രൂണഹത്യ അനുകൂലികളായ സ്ത്രീപക്ഷവാദികള്‍ ദേവാലയത്തിന്റെ പ്രധാന വാതിലിന് തീ കൊളുത്തി. പോലീസ് ഇടപെട്ടാണ് അക്രമികളെ നിയന്ത്രണത്തിലാക്കിയത്.

കൊളംബിയയിൽ ഗര്‍ഭധാരണം മുതല്‍ 24 ആഴ്ച വരെയുള്ള ഗർഭചിദ്രം ഭരണഘടനാ കോടതി കുറ്റകരമല്ലാതാക്കിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. അതേസമയം ക്രിസ്ത്യൻ ദേവാലയത്തിനെതിരേയുള്ള ആക്രമണത്തിനെ അപലപിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഈ നടപടിക്കെതിരെയുള്ള പ്രതിഷേധം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. പ്ലാസ ഡി ബൊളിവാറിലെ അബോർഷൻ അനുകൂല ഫെമിനിസ്റ്റ് സംഘടനകളുടെ വിദ്വേഷ സന്ദേശം ഒട്ടും തന്നെ സ്വീകാര്യമല്ലായെന്ന് കൺസർവേറ്റീവ് പാർട്ടി സെനറ്റർ മൗറിസിയോ ജിറാൾഡോ ട്വീറ്റ് ചെയ്തു.

അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ നാഷണല്‍ പോലീസ് ഡയറക്ടറായ ജെനറല്‍ ഹെന്‍റി സാന്‍ബ്രിയ അറിയിച്ചു. അതിക്രമത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുമുന്‍പും ഈ ദേവാലയം ഇത്തരം അക്രമങ്ങള്‍ക്കിരയായിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച ഒരു സംഘം ആളുകള്‍ വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തിയിരിന്നു.

You might also like