ജീവന്റെ സംരക്ഷണത്തിനും സമാധാനത്തിനും വേണ്ടി മെക്സിക്കോയില്‍ റാലി
മെക്സിക്കോ സിറ്റി: സ്ത്രീകളുടെയും, ജീവന്റെയും സംരക്ഷണത്തിനും, സമാധാനത്തിനും വേണ്ടി വടക്കേ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ നടന്ന റാലികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മെക്സിക്കോയിലെ മുപ്പതിലധികം വരുന്ന സംസ്ഥാനങ്ങളില്‍ നടന്ന റാലികളില്‍ ഏതാണ്ട് 10 ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. മെക്സിക്കോയുടെ സ്വാതന്ത്ര്യത്തിന്റെ സ്മാരകമായ മെക്സിക്കോ സിറ്റിയിലെ ‘സ്വാതന്ത്ര്യത്തിന്റെ മാലാഖ’ എന്ന സ്തൂപത്തിലേക്ക് നടത്തിയ റാലിയില്‍ മാത്രം രണ്ടു ലക്ഷത്തോളം ആളുകള്‍ പങ്കുചേര്‍ന്നെന്ന് മാര്‍ച്ചിന്റെ സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളും മരിയൻ ചിത്രങ്ങളുമായാണ് റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ അണിചേർന്നത്.
ഒരുകാലത്ത് അടിമത്വത്തേ മറികടന്നതുപോലെ ഭ്രൂണഹത്യയെ മറികടക്കേണ്ട സമയം ഇതാണെന്നു മാര്‍ച്ചിന്റെ ഔദ്യോഗിക വക്താക്കളില്‍ ഒരാള്‍ പ്രതികരിച്ചു. മാര്‍ച്ചില്‍ പങ്കെടുത്തവരും റാലിയെ കുറിച്ച് അനുഭവങ്ങള്‍ പങ്കുവെച്ചു. “ദശലക്ഷകണക്കിന് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഞാന്‍ മാര്‍ച്ച് നടത്തുന്നത്, എന്റെ കുടുംബത്തിന് വേണ്ടി, എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി, എന്റെ രാജ്യത്തിന് വേണ്ടി എന്റെ ഹൃദയം കൈയില്‍ പിടിച്ചു കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്” – ലോറ എന്ന സ്ത്രീ പറഞ്ഞു. അവര്‍ തങ്ങളെ ശ്രദ്ധിക്കാത്തത് വേദനാജനകമാണെന്നും, തങ്ങളുടെ ഉദരങ്ങളിലെ കുരുന്നു ജീവനുകളെ ശത്രുക്കളെ പോലെ കാണുന്നവര്‍ ഇപ്പോഴും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെക്സിക്കോ സിറ്റിയില്‍ നടന്ന മാര്‍ച്ച് “സ്വാതന്ത്ര്യത്തിന്റെ മാലാഖ”യുടെ സ്തൂപത്തിലെത്തിയപ്പോള്‍ പ്രകടനപത്രിക വായിച്ചു.
ദുര്‍ബ്ബലരായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കുകയും അവരുടെ പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുക, ജനനത്തിനു മുന്‍പും പിന്‍പും ഉള്ള എല്ലാ ജീവനും പുരോഗതി, ആരോഗ്യനില എന്നിവയുടേയോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളുടേയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും കൂടാതെ തുല്ല്യ സംരക്ഷണം നല്‍കുക, എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുടുംബങ്ങളില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിനുതകുന്ന പൊതു നയങ്ങള്‍ രൂപീകരിക്കുക, അക്രമം ഒഴിവാക്കി സമാധാനത്തിലും, സൗഹാര്‍ദ്ദത്തിലും ജീവിക്കുന്നതിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്നീ നാലു വിഷയങ്ങളാണ് പ്രകടന പത്രിയില്‍ ഉണ്ടായിരുന്നത്. ‘മുജെരിവിദാ.ഒആര്‍ജി.എംഎക്സ്’ എന്ന സംഘടനയാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ആയിരത്തിലധികം സംഘടനകളുടെ പിന്തുണയും മാര്‍ച്ചിനുണ്ടായിരുന്നു.