ചരിത്ര പുരുഷന്‍ വിടവാങ്ങി; ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു

0

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. ഇന്നു രാവിലെ 9.45 വത്തിക്കാനിലെ മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു അദേഹത്തിന്റെ അന്ത്യം. ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം മൂലമാണ് മാര്‍പാപ്പ സ്ഥാനത്തുനിന്നും മാറിനിന്നത്. തുടര്‍ന്ന് 2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്യുന്നത്. 600 വര്‍ഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. മരണ വിവരം വത്തിക്കാനാണ് പുറത്തുവിട്ടത്.

വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ആഴ്ചയാണ് വഷളായത്. ഈ മാസം ഒന്നിനു വത്തിക്കാന്‍ പുറത്തുവിട്ട ചിത്രത്തില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. സ്ഥാനത്യാഗം ചെയ്ത ശേഷം സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗാന്‍സ്വെയിനൊപ്പം വത്തിക്കാന്‍ ഉദ്യാനത്തിലെ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താമസിച്ചിരുന്നത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ യഥാര്‍ഥ നാമം ജോസഫ് റാറ്റ്സിംഗര്‍ എന്നാണ്. 1972 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ ബവേറിയയില്‍ അദേഹം ജനിച്ചത്. 2005 ഏപ്രില്‍ 19നു നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ് 7ന് സ്ഥാനമേറ്റു. 2005 2013 വരെ കാലയളവില്‍ മാര്‍പ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തല്‍സ്ഥാനത്തു നിന്നും രാജിവച്ചു. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് ജര്‍മന്‍, വത്തിക്കാന്‍ പൗരത്വങ്ങളുണ്ട്.

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ നേതാക്കളില്‍ ഒരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്റ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ അദേഹം വഹിച്ചിട്ടുണ്ട്.

You might also like