പ്രതിദിന ചിന്ത | നീതിയും താഴ്മയും ധരിച്ച ജയശാലിയുടെ പ്രവേശനം

0

സെഖര്യാവ് 9:9 “സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.”

യെരുശലേം ഒഴികെയുള്ള സമീപരാജ്യങ്ങളെ മഹാനായ അലക്‌സാണ്ടർ കീഴടക്കുന്നു (9:1-8), യേശുക്രിസ്തു രാജാവായി യെരൂശലേമിലേക്കു കഴുതക്കുട്ടിയുടെ പുറത്തു പ്രവേശിക്കുന്നു (9:9-11), മക്കാബ്യ വിജയങ്ങളുടെ അടയാളപ്പെടുത്തൽ (9:12-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

മഹാനായ അലക്‌സാണ്ടർ, ഹദ്രാക്ക് അഥവാ ഹാമത്തിനു സമീപമുള്ള ഹെറ്റാറിക്ക, ദമ്മേശെക്ക് അഥവാ അരാം (9:1), സോർ-സീദോൻ അഥവാ ഫോയിനിക്യാ (9:2,3), ഫെലിസ്ത്യ (9:5-8) എന്നീ രാജ്യങ്ങളിലൂടെ നടത്തിയ ജൈത്രയാത്രയുടെ വിവരണം ഏറെ ശ്രദ്ധേയമായ അടയാളപ്പെടുത്താലാണ്. എന്നാൽ ഒരു പട്ടാളമായി യഹോവയായ ദൈവം യെരുശലേമിനു ചുറ്റും പാളയമിറങ്ങുമെന്നും ആരും പോക്കുവരത്തു ചെയ്യാത്തവണ്ണം യഹോവയുടെ ആലയമുള്ള പട്ടണം അഥവാ യെരുശലേം സുരക്ഷിത ആയിരിക്കുമെന്ന ഉറപ്പും മുമ്പോട്ടു വയ്ക്കപ്പെടുന്നു. അതിനെ തുടർന്നുള്ള പ്രവചനത്തിൽ “നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്ന” (9:9) മറ്റൊരു രാജാവിന്റെ ചിത്രം ഏറെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. യിസ്രായേലിന്റെ വരുവാനുള്ള മശിഹാ എന്ന രാജാവിനെ സംബന്ധിച്ചുള്ള പ്രാവചനികമായ വർണ്ണനയാണ് ഈ തിരുവെഴുത്തുകളുടെ ആലേഖനം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ അവസാന ആഴ്ച്ചയുടെ ആരംഭദിനമായ ഞായറാഴ്ച കഴുതക്കുട്ടിയുടെ പുറത്തു കയറി ദൈവാലയത്തിലേക്കു അവിടൂന്നു നടത്തിയ യാത്ര പ്രവാചകൻ ആത്മാവിൽ ദർശിക്കുന്നു. നിഗളവും ക്രൂരതയും നിശ്വസിക്കുന്ന ലോകരാജാക്കന്മാരുടെ പട്ടിക നിരത്തുന്നതിനിടയിൽ സൗമ്യനായും താഴ്മയുള്ളവനായും തന്റെ ജനത്തിന്റെ ഇടയിലേക്ക് ഇറങ്ങിവരുന്ന രാജാവായി യേശുകർത്താവിന്റെ ലോകത്തിനു മുമ്പിൽ പ്രവാചകൻ ചൂണ്ടികാണിക്കുന്നു. “ദാസരൂപമെടുത്തു മനുഷ്യസാദൃശ്യത്തിലായി” (ഫിലി. 2:7) “മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി” (ഫിലി. 2:8) ലോകത്തിന്റെ പാപം ചുമന്നൊഴിച്ച ദൈവത്തിന്റെ കുഞ്ഞാടായ യേശുകർത്താവിനെ പ്രവാചകൻ എത്രയോ കൃത്യമായി ലോകസമക്ഷം ഉയർത്തിക്കാണിക്കുന്നു!

പ്രിയരേ, കഴുതക്കുട്ടിയുടെ പുറത്തു ആരൂഢനായി യെരുശലേമിന്റെ വീഥികളിലൂടെ സഞ്ചരിച്ചു വിജയാരവസമേതനായി “ഹോശന്ന” ഗാനത്തിന്റെ ഈരടികളുടെ അകമ്പടികളോടെ യെരുശലേം ആലയത്തിൽ പ്രവേശിച്ച യേശുരാജാവിനെ പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു. നീതിയും താഴ്മയും ധരിച്ചവനായി ജയാളിയായി പ്രവേശിക്കുന്ന യേശു അനേകരുടെ പാപങ്ങൾക്കായി മറുവിലയായി ഏല്പിക്കപ്പെടുന്ന ദൈവത്തിന്റെ കുഞ്ഞാടായി കാൽവറിയിലേക്കു നടന്നു കയറുന്ന ദൃശ്യവും കൂടെ സമാന്തരമായി ചേർത്തു ധ്യാനിച്ചാലും!

ഒരു പുതിയ വർഷത്തിന്റെ ആശംസകളോടെ

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like