ഈ വർഷം 17 ലക്ഷം പേർ യേശുവിനെ രക്ഷകനായി സ്വീകരിച്ചു: ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ വെളിപ്പെടുത്തൽ
വാഷിംഗ്ടൺ ഡി.സി: കൊറോണ പകർച്ചവ്യാധിയ്ക്കിടയിലും ഈ വർഷം യേശുക്രിസ്തുവിനെ സ്വീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെന്ൻ ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം. കൊറോണ വൈറസ് ആളുകളിലേക്ക് പടർന്നതുപോലെ സുവിശേഷവും കൂടുതൽ ആളുകളിലേക്ക് പകർന്നുവെന്ൻ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ (ബി.ജി.ഇ.എ), സമരിറ്റൻ പഴ്സ് എന്നിവയുടെ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിൻ ഗ്രഹാം പറഞ്ഞു. 2020ൽ ബി.ജി.ഇ.എയുടെ ഓൺലൈൻ മിനിസ്ട്രികൾ വഴി പതിനേഴു ലക്ഷത്തിലധികം ആളുകൾ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാനുള്ള സന്നദ്ധത കാണിച്ചുവെന്നാണ് ‘ക്രിസ്റ്റ്യൻ പോസ്റ്റ്’നു നൽകിയ അഭിമുഖത്തിൽ ഫ്രാങ്ക്ലിൻ പറഞ്ഞത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ സംഖ്യ ഇരട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്റെ ജീവിതകാലത്ത് നമ്മൾ ഒരിക്കലും ഇതുപോലൊരു മഹാമാരിയിലൂടെ കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നതും, അവരുടെ കണ്ണുകളെ തുറക്കുന്നതും ദൈവമാണ്. പകർച്ചവ്യാധിക്ക് അത് തടയുവാൻ സാധിച്ചില്ല. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആളുകളെ ക്രിസ്തുവിനോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്”. ഫ്രാങ്ക്ലിൻ പറഞ്ഞു. ഇതിനു മുൻപ് സുവിശേഷം കേട്ടിട്ടില്ലാത്തവർ ഇപ്പോൾ കേൾക്കുന്നുവെന്നും, സുവിശേഷവത്കരണത്തെ സംബന്ധിച്ചിടത്തോളം 2020 ഒരു നല്ല വർഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 24 മണിക്കൂറും ലഭ്യമായ ഒരു സുവിശേഷ ഹോട്ട്ലൈൻ സർവീസും ബി.ഇ.ജി.എ കൈകാര്യം ചെയ്യുന്നുണ്ട്.
മഹാമാരിയെത്തുടർന്ൻ ആരാധനകൾക്കേർപ്പെടുത്തിയ നിയന്ത്രണം മൂലം ദേവാലയങ്ങളിൽ പോകുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഓൺലൈനിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയ ദേവാലയങ്ങൾ നിരവധിയാണെന്നും ഫ്രാങ്ക്ലിൻ പറയുന്നു. ബൈബിൾ പഠനം സാധാരണപോലെ തന്നെ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവാലയങ്ങളിലെ ഇരിപ്പിടങ്ങൾ നിറഞ്ഞില്ലെങ്കിലും സാധാരണയായി ദേവാലയങ്ങളിൽ പോയി ആരാധനയിൽ പങ്കെടുക്കുന്നവരേക്കാൾ കൂടുതൽ ആളുകൾ ഓൺലൈനിലൂടെ ആരാധനയിൽ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുവിനെ പിന്തുടരുവാനും , സുവിശേഷമനുസരിച്ച് ജീവിക്കുവാനും വിശ്വാസികളെ പ്രാപ്തരാക്കുവാൻ പ്രത്യേക പരിശീലന പദ്ധതിക്ക് തന്നെ സമരിറ്റൻ പഴ്സ് രൂപം നൽകിയിട്ടുണ്ട്.