ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് ഋഷി സുനക് ബൈബിൾ ഭാഗം വായിക്കും
ലണ്ടൻ : ചാൾസ് രാജാവിന്റെ കിരീടധാരണ രാജകീയ ചടങ്ങിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾ ഭാഗം വായിക്കും. കിങ് ജയിംസ് ബൈബിളിൽ നിന്നുള്ള കൊലോസ്യ ലേഖനം ഒന്നാം അദ്ധ്യായം 9-17 വരെയുള്ള വാക്യങ്ങളായിരിക്കും ഹിന്ദു മത വിശ്വാസിയായ പ്രധാനമന്ത്രി വായിക്കുക. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി യുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
പരമ്പരാഗത ചടങ്ങുകളുടെ ആത്മാവു നിലനിർത്തിക്കൊണ്ടുള്ള സവിശേഷ പുതുമകളുമായി ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. വരുന്ന ശനിയാഴ്ച നടക്കുന്ന കിരീടധാരണച്ചടങ്ങു തത്സമയം കാണുന്ന ലക്ഷക്കണക്കിനാളുകൾ ഒത്തൊരുമിച്ച് കൂറുപ്രഖ്യാപനം നടത്തുന്നതുൾപ്പെടെ പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തുള്ള കാര്യപരിപാടിയാണ് കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പുറത്തുവിട്ടത്.
കിരീടധാരണച്ചടങ്ങു ക്രിസ്തീയ വിശ്വാസപ്രകാരമെങ്കിലും വിവിധ മതധാരകളെ ഉൾക്കൊള്ളിച്ചുള്ള സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതാണ്. ഇതിന്റെ ഭാഗമായി, പ്രൊട്ടസ്റ്റന്റ് വിശ്വാസ അനുഭാവം പ്രഖ്യാപിക്കുന്നതുൾപ്പെടെ പരമ്പരാഗതമായി നിലവിലുള്ള 3 രാജകീയ പ്രതിജ്ഞകൾക്ക് മുൻപായി ആമുഖ വാക്യം പുതുതായി ചേർക്കും.
മുസ്ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും കത്തോലിക്കാ കർദിനാൾ വിൻസന്റ് നികോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കറയും മറ്റും ഇവർ ചേർന്നാണു സമ്മാനിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു ചടങ്ങു വീക്ഷിക്കുന്നവർക്ക് രാജാവിനോടുള്ള കൂറുപ്രഖ്യാപനം നടത്താനുള്ള അവസരം ഏറ്റവും പുതുമയുള്ള ഇനമായാണ് അവതരിപ്പിച്ചിരിക്കുന്നത്.