ഇറാഖിൽ നിന്ന് പലായനം ചെയ്ത ക്രൈസ്തവര്‍ മടങ്ങിയെത്തുന്നു

0

ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടര്‍ന്നു തളര്‍ച്ചയിലായ ഇറാഖി ക്രിസ്ത്യന്‍ സമൂഹം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്ന് ഇര്‍ബില്‍ മെത്രാപ്പോലീത്ത. സമീപകാലത്ത് അമേരിക്കയിലെ ഒഹായോവിലെ ക്രിസ്ത്യൻ സര്‍വ്വകലാശാലയായ വാല്‍ഷില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുവാന്‍ എത്തിയപ്പോഴാണ് മെത്രാപ്പോലീത്ത ഇറാഖിലെ നിലവിലെ സാഹചര്യത്തേക്കുറിച്ച് വിവരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനത്തെ ഭയന്ന് ഇറാഖില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിയ ക്രൈസ്തവരില്‍ പലരും തങ്ങളുടെ കുടുംബത്തെ ക്രിസ്ത്യൻ അന്തരീക്ഷത്തില്‍ വളര്‍ത്തണമെന്ന ആഗ്രഹത്തോടെ തിരികെ വന്നു തുടങ്ങിയെന്ന് ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ പറഞ്ഞു. ഇര്‍ബിലില്‍ ഇത് തികച്ചും പ്രകടമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

2014-ലെ ഇസ്ലാമിക് സ്റ്റേറ്റ് അധിവേശത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തര കുടിയേറ്റം കൂടാതെ, ദാരിദ്യത്തില്‍ നിന്നും, അക്രമത്തില്‍ നിന്നും മോചനം നേടുന്നതിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ ക്രിസ്ത്യാനികള്‍ വരെ സ്വദേശങ്ങളിലേക്ക് മടങ്ങിയെത്തി തുടങ്ങിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു. അത്രത്തോളം ശക്തമല്ലെങ്കിലും ഇന്നും ഇറാഖി ക്രൈസ്തവര്‍ അത്തരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തിനു ശേഷം വെറും രണ്ടായിരം മാത്രമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നാലായിരമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി. നിലവില്‍ ഇര്‍ബിലില്‍ എണ്ണായിരത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. പുതുതായി ഒരു ആശുപത്രിയും, 4 സ്കൂളുകളും തുടങ്ങിയത് ഇതിന്റെ ഉദാഹരണമായി മെത്രാപ്പോലീത്ത പറയുന്നു. ദൈവത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ ഇസ്ലാം മതസ്ഥര്‍ വരെ സ്വന്തം കുട്ടികളെ ക്രിസ്ത്യന്‍ സ്കൂളുകളിലാണ് ചേര്‍ക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ദൈവത്തോടു നന്ദി പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത വാക്കുകള്‍ ചുരുക്കിയത്.

You might also like