ഇന്ത്യാക്കാരെ മാത്രം ജോലിക്കു ക്ഷണിച്ചു; ന്യൂ ജേഴ്‌സി സ്ഥാപനത്തിനു പിഴ

0

നിയമവിരുദ്ധമായി തൊഴിൽ പരസ്യങ്ങൾ ക്ഷണിച്ചതിനു ന്യൂ ജേഴ്‌സി ആസ്ഥാനമായുള്ള ഐ ടി കമ്പനിയുടെ മേൽ $25,500 പിഴ ചുമത്തി. ഇന്ത്യയിൽ നിന്നു മാത്രം ജോലിക്കു അപേക്ഷകൾ ക്ഷണിച്ചു എന്നതാണ്  ഇൻഫോസോഫ്റ്റ് സൊല്യൂഷൻസിന്റെ പ്രധാന കുറ്റം.

കെ ഫോഴ്സ് ടെക് എൽ എൽ സി എന്ന പേരിൽ പ്രവർത്തിക്കുന്ന കമ്പനി ഇമിഗ്രെഷൻ ആൻഡ് നാഷണാലിറ്റി ആക്ട് ലംഘിച്ചു 2021 ജൂലൈക്കും ഓഗസ്റ്റിനുമിടയിൽ വിവേചനപരമായ ആറു പരസ്യങ്ങൾ നൽകി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസിസ്റ്റന്റ് അറ്റോണി ജനറൽ ക്രിസ്റ്റിൻ ക്ലാർക് പറഞ്ഞു: “ജോലിക്കു താത്കാലിക വിസ വേണ്ടവരെ ഒരു രാജ്യത്തു നിന്നു മാത്രം ക്ഷണിക്കുമ്പോൾ യോഗ്യരായ മറ്റുള്ളവരെ മൊത്തം ഒഴിവാക്കുകയാണ് ചെയ്യുന്നത്.”

ജസ്റ്റിസ് ഡിപ്പാർട്മെൻറ് നടത്തിയ അന്വേഷണത്തിൽ, യുഎസ് പൗരത്വം ഇല്ലാത്തവരുടെ അപേക്ഷകളാണ് കമ്പനി ക്ഷണിച്ചതെന്നു തെളിഞ്ഞു. താത്കാലിക തൊഴിൽ വിസ ഉള്ളവർക്കും അവസരം നൽകിയിരുന്നു. ആറു പരസ്യങ്ങളിൽ ഒരെണ്ണത്തിൽ ഇന്ത്യയിൽ നിന്നുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി എന്നു നിഷ്‌കർഷിക്കുന്നതായി കണ്ടെത്തി.

പിഴ ഒടുക്കുന്നതിനു പുറമെ ഇൻഫോസോഫ്റ്റ് അധികൃതരുടെ കർശന നിയന്ത്രണത്തിൽ വരും. ദേശീയ, പൗരത്വ വിവേചനം ഒരിക്കലൂം വച്ച് പൊറുപ്പിക്കില്ലെന്നു ക്ലാർക് പറഞ്ഞു.

You might also like