കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി

0

ലോക പ്രശസ്തരായ എഴുത്തുകാരുടെ രചനാ ശകലങ്ങള്‍ ‍, ഹൈക്കുകള്‍ , കവിതകള്‍ ‍, തത്വചിന്താപരമായ വാക്യങ്ങള്‍ ‍, മതപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ഇന്ന് വിപണിയില്‍ ട്രെന്‍ഡാണല്ലോ. ഇവ വാങ്ങി മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതില്‍ അഭിമാനിക്കുന്നവരുമാണ് ഈ തലമുറ.

എന്നാല്‍ ഇതൊക്കെ ന്യൂജെന്‍ സംസ്ക്കാരമല്ല, മറിച്ച് പുരാതന കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു സംസ്ക്കാരമാണെന്ന് ചില ഗവേഷകര്‍ നമ്മെ ഓര്‍പ്പിക്കുന്നു.

അതിനു ആധാരമായി 1800 വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഉപയോഗിച്ചിരുന്ന ഒരു പാത്രം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ‍. തെക്കന്‍ സ്പെയിനില്‍ നിന്നും കണ്ടെത്തിയ പുരാതന റോമന്‍ ഭരണി ഇതിനു തെളിവാകുന്നു. പുരാതന റോമന്‍ കവി വിര്‍ജിലിന്റെ കവിത ആലേഖനം ചെയ്ത ഒരു ഭരണിയുടെ ഭാഗങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഒലിവ് ഓയില്‍ സൂക്ഷിച്ചിരുന്ന ഭരണിയാണിത്. ഭരണിയുടെ മൂന്നിഞ്ച് നീളം മാത്രമുള്ള ഭാഗമാണ് ലഭിച്ചത്. അതില്‍ കവിതയുടെ അഞ്ചു വരികളോളം ഭാഗികമായി ഉണ്ടായിരുന്നു. ഒരു ഫാമിനെ എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ചുള്ള വിര്‍ജിലിന്റെ കവിതയുടെ വരികളാണ് അവ. ‘ഓ പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള പ്രകാശങ്ങളെ എന്നു തുടങ്ങി ‘ഒരുമിച്ചു നൃത്തം ചെയ്യു, വന ദേവതയും പെണ്‍കുട്ടികളും’ എന്നു ധ്വനിക്കുന്നതാണ് കവിതാഭാഗം.

പ്രകൃതിയില്‍നിന്നുള്ള ഇമേജറികളുടെ സൌന്ദര്യ സങ്കലനമാണ് ഈ വിര്‍ജില്‍ കവിത. കര-കടല്‍ മാര്‍ഗങ്ങളിലൂടെ ചരക്കുകള്‍ കേടു കൂടാതെ കൊണ്ടുപോകാന്‍ അക്കാലത്ത് ഇത്തരം ഭരണികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഗവേഷകരുടെ അഭിപ്രായപ്രകാരം അക്കാലത്ത് ചരക്കുകള്‍ കൊണ്ടുപോകുന്ന പാത്രങ്ങളില്‍ വാചകങ്ങള്‍ കൊത്തിവയ്ക്കുന്നതു സാധാരണമായിരുന്നു. അതു പലപ്പോഴും ചരക്കുമായും അല്ലെങ്കില്‍ നികുതിയുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും അവര്‍ പറയുന്നു. ഇതൊരു അപൂര്‍വ്വ ലിഖിതം തന്നെയാണ്.

ലോക കവിതയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന കവിയാണ് ലാറ്റിന്‍ ഭാഷയില്‍ കവിതയെഴുതിയിരുന്ന പബ്ളിയസ് വിര്‍ജിലിയസ് മാമോ (ബിസി 70 ഓക്ടോബര്‍ 15, ബിസി 19 സെപ്റ്റംബര്‍ 21) എന്ന വിര്‍ജില്‍ എക്ളോഗ്വസ്, ജിയോര്‍ജിക്സ്, ഈ നിഡ് എന്നിവയാണ് വിര്‍ജിലിന്റെ പുസ്തകങ്ങത്രയങ്ങള്‍ ‍.

റോമാസാമ്രാജ്യത്തിന്റെ ദേശീയ ഇതിഹാസമാണ് 12 വാല്യമുള്ള ഈ ഇതിഹാസം.

You might also like