വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് പോലീസ്.കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാ സെക്രട്ടറി എ. അരുണ്‍കുമാറിന്റെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തിയത്. പ്രിയരജ്ഞനെ പോലീസിന് പിടികൂടാനിയിട്ടില്ല.
ആഗസ്ത് 30ന് വൈകിട്ട് ആറരയോടെയാണ് പൂവച്ചല്‍ ഭൂമികയില്‍ പ്രിയരഞ്ജന്റെ കാറിടിച്ച് ആദിശേഖര്‍ മരണമടഞ്ഞത്. ആദിയുടേത് മനഃപൂര്‍വമല്ലാത്ത അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. ആദിയുടെ വീടിനു സമീപത്തെ ക്ഷേത്ര പറമ്പില്‍ പ്രിയരഞ്ജന്‍ സ്ഥിരമായി മദ്യപിക്കുറുണ്ടായിരുന്നു. മദ്യപാനം ആദിശേഖര്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രിയരഞ്ജനെതിരെ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. സംഭവദിവസം ക്ഷേത്രത്തിനുസമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിയ ആദി മടങ്ങുന്നതും കാത്ത് പ്രിയരഞ്ജന്‍ കാറുമായി കാത്തുനില്‍ക്കുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ആദി കൂട്ടുകാരനുമൊത്ത് പുറത്തു വരുന്നതും സൈക്കിളില്‍ കയറുന്നതുമായ സമയം കാര്‍ പതുക്കെ മുന്നോട്ടെടുക്കുന്നതും സൈക്കിളില്‍ സഞ്ചരിക്കാന്‍ തുടങ്ങവെ കാര്‍ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്‌ത്തി കയറ്റിയിറക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദിയെ ഇടിച്ചിട്ട ശേഷം പ്രിയരഞ്ജന്‍ മൊബൈല്‍ ഓഫാക്കി കാര്‍ കാട്ടാക്കടയില്‍ ഉപേക്ഷിച്ച് മുങ്ങി.
തിരുവനന്തപുരം നഗരത്തിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന പ്രിയരഞ്ജന്‍ ഓണാവധിക്കാണ് നാട്ടില്‍ വന്നത്. കൊലപാതകം നടന്ന പിറ്റേദിവസം തന്നെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിക്കാന്‍ തയാറായത്. പ്രതി വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.