700 വർഷം പഴക്കമുള്ള തൂർക്കിയിലെ ക്രൈസ്തവ ദേവാലയം ഇനി മ്യൂസിയം

0

ഇസ്താംബൂള്‍: വടക്ക് കിഴക്കൻ തുർക്കിയിലെ ട്രബ്സോൺ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന എഴുനൂറു വർഷം പഴക്കമുള്ള സെന്റ് മൈക്കിൾസ് ദേവാലയം തയിബ് എർദോഗൻ സർക്കാർ മ്യൂസിയമാക്കി മാറ്റി. ‘ഓർത്താമല്ലേ’ എന്ന പേരിൽ ആയിരിക്കും മ്യൂസിയം അറിയപ്പെടുക. പള്ളിയെ മ്യൂസിയമാക്കി മാറ്റുന്നതിനായി സാംസ്കാരിക, ടൂറിസം മന്ത്രാലയവുമായി ചേര്‍ന്നാണ് സംയുക്ത പദ്ധതി തയാറാക്കിയതെന്ന് അക്കാബാത്ത് മേയർ ഒസ്മാൻ നൂറി എക്കിം അനാഡോളു ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. പതിനൊന്നാം നൂറ്റാണ്ടു മുതലുള്ള ദേവാലയത്തെ മ്യൂസിയമാക്കാനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുൻ മേയർ സെഫിക്ക് തുർക്ക്മാന്റെ കാലത്താണ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവാലയത്തിനു ചുറ്റും തെരുവുകൾ ഉണ്ടായിരുന്നതിനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക, ടൂറിസം വകുപ്പുമായി ചേർന്നാണ് മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. അടുത്ത കാലത്തായി നിരവധി ദേവാലയങ്ങൾ മ്യൂസിയങ്ങളായും, മ്യൂസിയങ്ങൾ മോസ്ക്കുകളായും തുർക്കി സർക്കാർ മാറ്റിയിട്ടുണ്ട്. മ്യൂസിയമായി നിരവധി വർഷം പ്രവർത്തിച്ച സുപ്രസിദ്ധ ക്രൈസ്തവ ദേവാലയമായിരുന്ന ഇസ്താംബൂളിലെ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

You might also like