ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികള്‍ വിസ കാലാവധി നീട്ടുന്നു; ബ്രിട്ടനിലേക്കെത്തുന്ന വിദേശികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു

0

ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ് കുടിയേറ്റം. മാത്രമല്ല, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടകളില്‍ ഒന്ന് ഇതായിരിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഋഷി സുനകിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി കൊണ്ട് ഈ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ 7 ലക്ഷം എത്തുമെന്ന റിപോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഭരണകക്ഷിയിലെ വലതുപക്ഷക്കാര്‍ ഋഷിക്കെതിരെ പുതിയൊരു യുദ്ധമുഖം കൂടി തുറന്നിരിക്കുകയാണ്.

ഔദ്യോഗികമായ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ വ്യാഴാഴ്ച്ച പ്രസിദ്ധപ്പെടുത്താനിരിക്കെ, ഈ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് ഇന്റേണല്‍ ഹോം ഓഫീസും പ്രവചിക്കുന്നത്. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ നെറ്റ് മൈഗ്രേഷന്‍ 7 ലക്ഷത്തിലെത്തും 2022 ല്‍ ഇത് 6,06,000 ല്‍ എത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. അതാണ് ഇപ്പോള്‍ തകരാന്‍ പോകുന്നത്.

നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരാന്‍ താന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചിരുന്നെന്നും അതെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിക്കളയുകയായിരുന്നു എന്നും സുവെല്ല ബ്രേവര്‍മാന്‍ ആരോപിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. കഴിഞ്ഞവര്‍ഷം നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന് പിന്തുണ നല്‍കിയതിനു പകരമായി അദ്ദേഹം നല്‍കിയ വാഗ്ദാനം നിരസിച്ചു എന്നും സുവെല്ല ആരോപിച്ചിരുന്നു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 7 ലക്ഷം എന്നത് ഹോം ഓഫീസിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അനുവദിച്ച വിസകളുടെ എണ്ണവും, അതുപോലെ രാജ്യം വിട്ടു പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എന്നാല്‍, ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒ എന്‍ എസ്) തികച്ചും വ്യത്യസ്തമായ രീതിയിലാണ് നെറ്റ് മൈഗ്രേഷന്‍ കണക്കാക്കുന്നത് എന്നതിനാല്‍ അവരുടെ റിപ്പോര്‍ട്ടില്‍ മറ്റൊരു നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് ആയിരിക്കും ഉണ്ടാവുക.

നെറ്റ് മൈഗ്രേഷന്‍ കുത്തനെ ഉയരുവാനുള്ള പ്രധാന കാരണം, ഇപ്പോള്‍ ബ്രിട്ടനിലുള്ള വിദേശികള്‍ അവരുടെ വിസ കാലാവധി നീട്ടുന്നതാണെന്ന് കഴിഞ്ഞ ദിവസം ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ വിസ കാലാവധി നീട്ടിയെടുക്കുന്ന വിദേശികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഹോം ഓഫീസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ താത്ക്കാലികമായി ബ്രിട്ടനിലേക്ക് കുടിയേറിയ വിദേശികള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം ബ്രിട്ടനില്‍ തങ്ങുന്നു. ഇത് മൊത്തത്തിലുള്ള നെറ്റ് ഇമിഗ്രേഷനില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കുകയാണ്.

You might also like