തെക്കൻ ഗാസയിൽ ആക്രമണം രൂക്ഷം: സാധാരണക്കാരെ സംരക്ഷിക്കണമെന്ന് യു.എസ്
ടെൽ അവീവ്: ഗാസയിൽ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ഇസ്രയേലിന് മേൽ സമ്മർദ്ദം ശക്തമാക്കി യു.എസ്. ഗാസയിൽ നിരപരാധികളായ നിരവധി പാലസ്തീനികൾ കൊല്ലപ്പെട്ടതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്.
എന്നാൽ, അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ പാലിക്കപ്പെടണമെന്നും കമല വ്യക്തമാക്കി. സാധാരണക്കാരെ സംരക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം ഇസ്രയേലിനുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനും അഭിപ്രായപ്പെട്ടു. എന്നാൽ ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. വെള്ളിയാഴ്ച വെടിനിറുത്തൽ അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രയേൽ, തെക്കൻ ഗാസയിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത ജനങ്ങൾക്കിടെ ഹമാസ് ഭീകരർ നുഴഞ്ഞുകയറിയെന്ന് ഇസ്രയേൽ ആരോപിച്ചു.
ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിൽ ബോംബാക്രമണം ശക്തമാക്കി. മദ്ധ്യ ഗാസയിലെ ദെയ്ർ അൽ – ബലായ്ക്കും ഖാൻ യൂനിസിനും ഇടയിലെ പ്രധാന റോഡിൽ ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചു. ഗാസയിലെ 80 ശതമാനം ജനങ്ങൾക്കും വീടു വിട്ട് പലായനം ചെയ്യേണ്ടി വന്നതായി യു.എൻ അറിയിച്ചു.