തുടർ ചലനങ്ങളിൽ വിറച്ച് ഫിലിപ്പീൻസ്, ജപ്പാൻ തീരത്ത് ചെറു സുനാമി
ടോക്കിയോ: ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിനെ വിറപ്പിച്ച ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിലെ ഹാചിജോജിമ ദ്വീപിൽ പസഫിക് സമുദ്രത്തിൽ ഇന്നലെ പുലർച്ചെ 40 സെന്റീമീറ്റർ (1.3 അടി) ഉയരത്തിൽ സുനാമിത്തിരകൾ രേഖപ്പെടുത്തി.
ടോക്കിയോയിൽ തെക്ക് 290 കിലോമീറ്റർ അകലെയാണിത്. ശനിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 8.07നായിരുന്നു മിൻഡനാവോയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
11.10ന് 6.4 തീവ്രതയിലെ മറ്റൊരു ചലനവും ഇവിടെയുണ്ടായി. ആദ്യ ഭൂകമ്പത്തിന് പിന്നാലെ ഫിലിപ്പീൻസ് തീരത്ത് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ജപ്പാനിൽ കാലാവസ്ഥാ ഏജൻസി പ്രത്യേക സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
600 തുടർചലനങ്ങൾ
മിൻഡനാവോയിൽ ഇന്നലെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.6 തീവ്രതയിലെ ചലനം വൈകിട്ട് 4.06ന് ഹിനാറ്റൗൻ മുനിസിപ്പാലിറ്റിക്ക് വടക്ക് കിഴക്കായാണ് രേഖപ്പെടുത്തിയത്.
മിൻഡനാവോയിൽ ഇതുവരെ 1.4 മുതൽ 6.2 വരെ തീവ്രതയിലെ 600 ലേറെ തുടർചലനങ്ങൾ രേഖപ്പെടുത്തി. അതേസമയം, ശനിയാഴ്‌യുണ്ടായ ഭൂകമ്പത്തിനിടെ മതിലിടിഞ്ഞുവീണ് ഒരു ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. 9 പേരെ കാണാനില്ല. ഏതാനും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്.