ബോംബാക്രമണത്തിൽ നടുങ്ങി ഗാസ, വെടിനിറുത്തൽ ചർച്ച മതിയാക്കി ഇസ്രയേൽ

0

ടെൽ അവീവ്: ഗാസയിൽ ആക്രമണം പതിന്മടങ്ങു രൂക്ഷമാക്കി ഇസ്രയേൽ. ഒരാഴ്ചത്തെ വെടിനിർത്തലിനു ശേഷം വെള്ളിയാഴ്ച യുദ്ധം പുനരാരംഭിച്ചതോടെയാണ് തെക്കൻ ഗാസയെ കൂടുതലായി ലക്ഷ്യമിട്ടുള്ള ആക്രമണം.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വീടുകൾക്കും ആരാധനലായങ്ങൾക്കും നേരെയാണ് വ്യോമാക്രമണമുണ്ടായത്. ആയിരങ്ങൾ അഭയം തേടിയിരിക്കുന്ന നാസർ ആശുപത്രിക്ക് ചുറ്റും ആക്രമണമുണ്ടായി. വടക്കൻ ഗാസയിലെ ആശുപത്രികളിൽ നിന്ന് ഒഴിപ്പിച്ചവർ ഇവിടെയാണ് ചികിത്സയിലുള്ളത്.

അതിനിടെ, വെടിനിറുത്തലിനും ബന്ദി മോചനത്തിനുമായി ഖത്തറിലെ ദോഹയിൽ നടന്നുവന്ന മദ്ധ്യസ്ഥ ചർച്ചകളിൽ നിന്ന് ഇസ്രയേൽ പിന്മാറി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദ്ദേശപ്രകാരമാണിത്.

വെള്ളിയാഴ്ച രാവിലെ ആക്രമണം പുനരാരംഭിച്ചത് മുതൽ ഗാസയിൽ ഇതുവരെ 240ലേറെ പാലസ്തീനികൾ കൊല്ലപ്പെട്ടു. 650 ലേറെ പേ‌ർക്ക് പരിക്കേറ്റു. 400 ഹമാസ് കേന്ദ്രങ്ങൾ തകർത്തു. നിരവധി ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണസംഖ്യ ഇതോടെ 15,200 കടന്നു. ഇസ്രയേലിന്റെ മുന്നറിയിപ്പ് പ്രകാരം ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലകളിലെ ജനങ്ങൾ റാഫ അടക്കമുള്ള തെക്കൻ മേഖലകളിലേക്ക് പലായനം തുടങ്ങി.

You might also like