നൈജീരിയന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു: പ്രാര്‍ത്ഥനയോടെ രാജ്യം
ജാംഗ്‌ബെ, നൈജീരിയ: വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മുന്നൂറിലധികം പെൺകുട്ടികള്‍ക്കായുള്ള തിരച്ചിൽ സുരക്ഷാസേന തുടരുന്നു. അതേസമയം പട്ടണത്തിലെ നിവാസികള്‍ അക്രമാസക്തരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹെലികോപ്റ്ററുകള്‍ അടക്കം ഉപയോഗിച്ച് തെരച്ചില്‍ തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസം ത്യജിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബുവും പെൺകുട്ടികളും ബൊക്കോഹറാമിന്റെ പിടിയിലായി മൂന്ന് വർഷം തികഞ്ഞു ദിവസങ്ങൾ പിന്നിടും മുൻപാണ് 317 പെണ്‍കുട്ടികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നത് ചര്‍ച്ചയാകുകയാണ്. തട്ടിക്കൊണ്ടു പോയവരെ സമീപത്തെ വനത്തിലേക്കാണു കടത്തിയതെന്നു സൂചനയുണ്ട്. പെണ്‍കുട്ടികളുടെ മോചനത്തിനായി രാജ്യമെങ്ങും പ്രാര്‍ത്ഥന ശക്തമാകുകയാണ്.
ഇതിനിടെ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചിലിനിടെ വടക്കേ മധ്യ സംസ്ഥാനമായ നൈജറിൽ കഴിഞ്ഞയാഴ്ച സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 27 കൌമാരക്കാരായ ആൺകുട്ടികളെ നൈജീരിയയിലെ തോക്കുധാരികൾ വിട്ടയച്ചു. ഫെബ്രുവരി 17ന് നൈജർ സംസ്ഥാനത്തെ കഗാര ജില്ലയിലെ സർക്കാർ സയൻസ് സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചു കയറിയ സായുധ സംഘമാണ് 27 വിദ്യാർത്ഥികളെയും മൂന്ന് സ്റ്റാഫുകളെയും അവരുടെ കുടുംബത്തിലെ 12 അംഗങ്ങളെയും തട്ടിക്കൊണ്ടുപോയത്. റെയ്ഡിനിടെ ഒരു ആൺകുട്ടി കൊല്ലപ്പെട്ടിരിന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദം പ്രബലപ്പെടുന്നത് സാധാരണക്കാരെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.