പ്രവാസികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇൻഷുറൻസുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

0

ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ ഇൻഷുറൻസ് പദ്ധതിക്ക് അവസരമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാൽ 8 ലക്ഷം രൂപ (35,000 ദിർഹം) മുതൽ 17 ലക്ഷം രൂപ (75,000 ദിർഹം) വരെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണിത്.

യുഎഇയിലെ രണ്ട് പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി. ഗർഗാഷ് ഇൻഷുറൻസ് സർവീസസും ഓറിയന്റ് ഇൻഷുറൻസും ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കമ്പനികളും തമ്മിലുള്ള സംയുക്ത യോഗത്തിലാണ് ഇൻഷുറൻസ് പാക്കേജിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കിയതെന്ന് കോൺസുലേറ്റ് അറിയിച്ചു.

ബ്ലൂ കോളർ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഇൻഷുറൻസ് പദ്ധതി മരണപ്പെടുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്ക് വലിയ ആശ്വാസമായി മാറുമെന്ന് കോൺസുലേറ്റ് അഭിപ്രായപ്പെട്ടു. 18 മുതൽ 70 വരെ പ്രായമുള്ള ജീവനക്കാർക്ക് ഇതിൽ അംഗമാവാം.

ഇൻഷുർ ചെയ്ത തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് 12,000 ദിർഹം ലഭിക്കും. യുഎഇയിലെ നിരാലംബരായ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്ന ഇൻഷുറൻസ് പ്ലാൻ ആണിതെന്ന് കോൺസുലേറ്റ് വിശദീകരിച്ചു.

You might also like