കോഴിക്കോട് നൊച്ചാട് സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

0

കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് നൊച്ചാട് അനു എന്ന യുവതിയെ 55 കേസുകളിൽ പ്രതിയായ കൊടും ക്രിമിനൽ കൊലപ്പെടുത്തിയത് മൃഗീയമായെന്ന് പൊലീസ്. മോഷണത്തിനായി തള്ളിയിട്ടപ്പോൾ ബോധം പോയ യുവതിയെ തൊട്ടിലേക്ക് വലിച്ചിഴച്ച പ്രതി തല വെള്ളത്തിൽ ചവിട്ടി താഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. തളളിയിട്ടപ്പോൾ തലയിടിച്ച് വീണ അനുവിന്റെ ബോധം പോയി. ആളുകൾ കാണുമെന്നത് കൊണ്ട് വലിച്ചിഴച്ച് തോട്ടിലേക്ക് ഇട്ടു. ഇവിടെ വെച്ച് തലയിൽ ചവിട്ടി വെള്ളത്തിൽ താഴ്ത്തിയാണ് കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്തിയ സമയം പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നതും വെല്ലുവിളിയായിരുന്നു. സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ആശുപത്രിയിലേക്ക് പോകാൻ മറ്റൊരിടത്തു കാത്തു നിൽക്കുകയായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് വീട്ടിൽ നിന്നിറങ്ങി ധൃതിയിൽ പോവുകയായിരുന്ന അനു എന്ന യുവതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. യുവതി ഗ്രാമീണ റോഡിലൂടെ നടന്നുവരുന്നത് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഈ വഴി വന്ന കൊടും ക്രിമിനൽ മുജീബ് റഹ്മാന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവതിയെ ഇയാൾ ബൈക്കിൽ കയറ്റിയത്. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റി.പിന്നീടായിരുന്നു ദാരുണ കൊലപാതകം. ജനവാസ മേഖലയിലായിരുന്നിട്ടും കൊലപാതകം ആരുടേയും ശ്രദ്ധയിൽപെട്ടില്ല.

സിസി ടിവിയിൽ ബൈക്കിന്റെ നമ്പർ തെളിഞ്ഞതും യുവതിയെ ഒരാൾ ബൈക്കിൽ കയറ്റികൊണ്ട് പോകുന്നത് കണ്ടെന്നുമുളള പ്രദേശവാസിയുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. ബലാത്സംഗം മോഷണം ഉൾപ്പെടെ 55 കേസുകളാണ് പ്രതിക്കെതിരെയുളളത്. കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ പ്രതി പൊലീസിനെ ആക്രമിച്ചിരുന്നു. ഗ്ലാസ്‌ കൊണ്ടുള്ള കുത്തേറ്റു എസ് ഐ യുടെ കൈക്ക് പരിക്കുണ്ട്.

പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. കൊണ്ടോട്ടിയിൽ മോഷണവസ്തു വിൽക്കാൻ പ്രതിയെ സഹായിച്ച അബൂബക്കർ എന്ന ആളും പിടിയിലായി. ഇയാൾക്ക് കൃത്യത്തെക്കുറിച്ച് അറിവില്ല. സംഭവത്തിൽ കൂടുതൽ പ്രതികൾ ഇല്ല. ജനവാസ മേഖലയിലുള്ള ഗ്രാമീണ റോഡിലാണ് പട്ടാപ്പകൽ പ്രതി കൊല നടത്തി ആരുമറിയാതെ രക്ഷപ്പെട്ടത്. പ്രതി എങ്ങനെ നാട്ടിലൂടെ സൗര്യവിഹാരം നടത്തി എന്ന ചോദ്യവും നാട്ടുകാർ ഉന്നയിക്കുന്നു.

You might also like