റഷ്യയിൽ വീണ്ടും പുടിൻ യുഗം; അഞ്ചാം തവണയും അധികാരത്തിൽ

0

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വ്ളാഡിമിർ പുടിന് തന്നെ. ഇതോടെ അഞ്ചാം തവണയും പുടിൻ റഷ്യയുടെ അധികാരത്തിലെത്തി. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ വിജയം. 2030 വരെ ആറ് വർഷം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം. ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിൻ.

വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. റഷ്യൻ മിലിട്ടറിയെ ശക്തിപ്പെടുത്തുമെന്നും ഉക്രൈനിലെ പ്രത്യേക സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും അഞ്ചാം വിജയത്തിന് ശേഷം പുടിൻ പ്രതികരിച്ചു. 74.22 ശതമാനം പോളിങ് ആയിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. 2018 ലെ 67.5 ശതമാനം പോളിങ് എന്ന നിലയെ ആണ് മറികടക്കാനായത്. ഇത് പുടിനുള്ള പിന്തുണയെ പ്രതിഫലിപ്പിക്കുവെന്നാണ് പുടിൻ അനുകൂലികളുടെ വാദം.

അത സമയം റഷ്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഉക്രെയ്ൻ റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കെതിരെയും ചില പ്രദേശങ്ങളിലും ആക്രമണം നടത്തിയെന്ന് പുടിൻ ചൂണ്ടിക്കാട്ടി. റഷ്യൻ അതിർത്തികളിൽ ഉക്രെയ്ൻ സേന നടത്തിയ നീക്കങ്ങൾക്ക് തിരിച്ചടി ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

എന്നാൽ പുടിൻ രാഷ്‌ട്രീയ എതിരാളികളെ തടങ്കലിലാക്കിയിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സ്വതന്ത്രമായല്ല നടന്നതെന്ന ആരോപണവുമായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് രംഗത്തെത്തി. കഴിഞ്ഞ മാസം ആർട്ടിക് ജയിലിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പുടിന്റെ എതിരാളി അലക്‌സി നവൽനിയെ പിന്തുണയ്‌ക്കുന്നവർ ഈ ഫലപ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പുടിൻ സ്വേച്ഛാധിപതിയാണെന്നും, ഫലം അംഗീകരിക്കാനാകില്ലെന്നുമാണ് ഇവർ പറയുന്നത്. പോളിംഗ് ബൂത്തുകളിലേക്ക് പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ 74 പേരെ അറസ്റ്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You might also like