ദുബൈയിലെ മെട്രോ സ്റ്റേഷനുകൾ ഇനി ഓഫീസ് സ്പേസുകളായി മാറും
ദുബൈ: ദുബൈയിലെ മെട്രോ സ്റ്റേഷനുകൾ ഇനി ഓഫീസ് സ്പേസുകളായി മാറും. യാത്രക്കാർക്ക് മെട്രോ സ്റ്റേഷനിലിരുന്ന് ജോലി പൂർത്തിയാക്കി മടങ്ങാം. ബർദുബൈയിലെ ബുർജുമാൻ സ്റ്റേഷനിലാണ് ഇത്തരത്തിലുള്ള ആദ്യ കോവർക്ക് സ്പേസ് തയാറാക്കുന്നത്.
ചെറുകിട വ്യവസായ വ്യവസായങ്ങൾക്ക് അവസരം നൽകുന്ന കോ സ്പേസസ്, കോവർക്കിങ് ഓഫീസുകൾ സജ്ജമാക്കുന്ന വർക്ക് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ദുബൈ ആർ ടി എ പുതുമയുള്ള ഈ ആശയം അവതരിപ്പിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ അടുത്തമാസങ്ങളിൽ തന്നെ ബുർജുമാൻ സ്റ്റേഷനിൽ കോവർക്കിങ് സ്പേസുകൾ സജ്ജമാകും. ദുബൈ അർബൺ പ്ലാൻ 2040 യുടെ ഭാഗമായാണ് ഇത്തരമൊരു ആശയം പിറവിയെടുത്തത്.
റോഡിലെ വാഹനങ്ങളുടെ എണ്ണം കുറക്കാനും കാർബർ വികിരണം കുറക്കാനും ഈ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. റമദാനിൽ നാട്ടിലുള്ള പ്രിയപ്പെട്ടവരെ സൗജന്യമായി ഫോണിൽ വിളിക്കാനുള്ള സൗകര്യവും ആർ ടി എ ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനിലെ ഒരുക്കി ടെലഫോൺ ബൂത്തുകൾ വഴി നാട്ടിലേക്ക് സൗജന്യമായി വിളിക്കാം. ഞങ്ങൾ നിങ്ങളെ അടുപ്പത്തിലാക്കുന്നു അഥവാ വി ബ്രിങ് യു ക്ലോസർ പദ്ധതിയുടെ ഭാഗമായാണ് ഈ ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്.