ഗാസയിൽ ഭക്ഷണ പാക്കറ്റ് വിതരണത്തിനിടെ അപകടം ; 12 പേർ മുങ്ങിമരിച്ചു

0

ടെൽ അവീവ്: ഗാസയിലെ കടൽത്തീരത്ത് യു.എസ് സൈനിക വിമാനത്തിൽ നിന്ന് എയർ ഡ്രോപ് ചെയ്ത ഭക്ഷണ പാക്കറ്റുകൾ ശേഖരിക്കാനുള്ള ശ്രമത്തിനിടെ 12 പേർ മുങ്ങിമരിച്ചെന്ന് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ ബീച്ചിലാണ് സംഭവം നടന്നത്. നൂറുകണക്കിന് പേരാണ് ഭക്ഷണ പാക്കറ്റുകൾ ശേഖരിക്കാനായി ബീച്ചിൽ തടിച്ചുകൂടിയത്. ഇതിനിടെ ചില പാക്കറ്റുകൾ കടലിലേക്ക് വീണെന്നും ഇവ ശേഖരിക്കാനായി തിരക്കുകൂട്ടിയതിനിടെയാണ് അപകടം സംഭവിച്ചതെന്നുമാണ് വിവരം. ഇതിനിടെ, എയർഡ്രോപ്പ് ചെയ്ത മൂന്ന് പാക്കുകൾ പാരഷൂട്ട് തകരാറു മൂലം ലക്ഷ്യം തെറ്റി കടലിൽ പതിച്ചെന്ന് യു.എസ് അറിയിച്ചു. എന്നാൽ ഇവ ശേഖരിക്കുന്നതിനിടെ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടോ എന്ന് യു.എസിന് സ്ഥിരീകരിക്കാനായിട്ടില്ല.രൂക്ഷമായ ഭക്ഷ്യക്ഷാമം ഗാസയിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഭക്ഷണപ്പൊതികൾ വിമാന മാർഗ്ഗം വിതരണം ചെയ്യുന്നത്. ഇസ്രയേൽ ആക്രമണം തുടരുന്നതിനാൽ കരമാർഗ്ഗമുള്ള സഹായ വിതരണം ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.

You might also like