സൗദിയില്‍ എച്ച്ആര്‍ ജോലികള്‍ ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതിയില്ലെന്ന് തൊഴില്‍ മന്ത്രാലയം
റിയാദ് : സൗദി അറേബ്യയില്‍ ഹ്യൂമന്‍ റിസോഴ്‌സ് (എച്ച്ആര്‍) ജോലികള്‍ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം (എംഒഎച്ച്ആര്‍എസ്ഡി) അറിയിച്ചു. ഒരു തൊഴിലന്വേഷകയുടെ ചോദ്യത്തിന് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സൗദി മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ ബെനിഫിഷ്യറി കെയര്‍ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു അന്വേഷണം. ‘ഞാന്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ജോലിക്കായി എന്നെ ഇന്റര്‍വ്യൂ ചെയ്തത് വിദേശിയായ എച്ച്ആര്‍ മാനേജരാണ്. അദ്ദേഹം ആ തസ്തികയുടെ ചുമതലക്കാരനാണോ അല്ലയോ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് തൊഴിലന്വേഷക ചോദിച്ചത്. ഇതിന് മറുപടിയായി ‘സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളില്‍ ഹ്യൂമന്‍ റിസോഴ്‌സ് പ്രൊഫഷനുകളും ഉള്‍പ്പെടുന്നു’ എന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ വ്യവസ്ഥയുടെ ലംഘനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് ms.spr.ly/l/6010cSNea എന്ന ലിങ്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും അറിയിച്ചു.