മൊസാംബിക്കില്‍ ബോട്ട് മുങ്ങി 90ലേറെ പേര്‍ മരിച്ചു
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കന്‍ തീരത്ത് ബോട്ട് മുങ്ങി 90ലേറെ പേര്‍ മരിച്ചു. നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകട സമയത്ത് 130ഓളം ആളുകളാണ് ഫെറിയില്‍ യാത്ര ചെയ്തിരുന്നത്. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. അഞ്ചു പേരെ രക്ഷപ്പെടുത്തി.
ആളുകള്‍ തിങ്ങിനിറഞ്ഞതിനാലും യാത്രക്കാരെ കയറ്റാന്‍ യോഗ്യമല്ലാത്തതിനാലുമാണ് ബോട്ട് അപകടത്തില്‍ പെട്ടതെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. പ്രവിശ്യയിലെ ലുംഗയില്‍ നിന്ന് നമ്പുല തീരത്ത് മൊസാംബിക് ദ്വീപിലേക്ക് പോവുകയായിരുന്നു ബോട്ട്. 91 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും മരിച്ചവരില്‍ നിരവധി കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തകര്‍ അഞ്ച് പേരെ കണ്ടെത്തി. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ കടല്‍സാഹചര്യങ്ങള്‍ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുവെന്നും നെറ്റോ പറഞ്ഞു.