ഗാസായുദ്ധം തുടരുന്നു ; ഇസ്രയേലിനുമേൽ വ്യാപാരനിയന്ത്രണങ്ങളേർപ്പെടുത്തി തുർക്കി

0

ഈസ്താംബൂൾ: ഗാസായുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനുമേൽ വ്യാപാരനിയന്ത്രണങ്ങളേർപ്പെടുത്തി തുർക്കി. സിമന്റ്, ഇരുമ്പ്, ഉരുക്ക് തുടങ്ങി 54 വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണം. അതിനിടെ, ഗാസയ്ക്കു കൂടുതൽ സഹായമനുവദിക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലിന് ഉപരോധമേർപ്പെടുത്തണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ഗാസയ്ക്ക് വ്യോമമാർഗം സഹായം നൽകാനുള്ള ശ്രമം ഇസ്രയേൽ തടഞ്ഞെന്ന് തിങ്കളാഴ്ച തുർക്കി ആരോപിച്ചിരുന്നു. പിന്നാലെയാണ് വ്യാപാരനിയന്ത്രണം കൊണ്ടുവന്നത്. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗാസയിലേക്ക് തടസ്സമില്ലാതെ ജീവകാരുണ്യസഹായമെത്തിക്കാനുള്ള വഴിതുറക്കുകയും ചെയ്യുംവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് തുർക്കി വ്യാപാരമന്ത്രാലയം അറിയിച്ചു. അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അതിന് പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ അംഗീകാരം നൽകിയെന്നും തുർക്കി വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ പറഞ്ഞു.

You might also like