27 ബില്യൻ ഡോളർ തട്ടിപ്പ് നടത്തിയ കേസിൽ വിയ്റ്റനാം ശതകോടീശ്വരിക്ക് വധശിക്ഷ
ഹോ ചി മിൻ സിറ്റി∙ 27 ബില്യൻ ഡോളർ തട്ടിപ്പ് നടത്തിയ കേസിൽ വിയ്റ്റനാം ശതകോടീശ്വരിക്ക് വധശിക്ഷ. വാൻ തിൻ ഫാറ്റ് ചെയർവുമൺ ട്രൂങ് മൈ ലാനെ (63)യാണ് കോടതി വധശിക്ഷ വിധിച്ചത്. കൈക്കൂലി, ബാങ്കിങ് നിയന്ത്രണങ്ങൾ ലംഘിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി ഹോ ചി മിൻ സിറ്റിയിലെ പീപ്പിൾസ് കോടതി കണ്ടെത്തി.
വിചാരണയ്ക്ക് മുമ്പ് പ്രതിക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്ന കാരണത്താൽ തന്നെ വധശിക്ഷ പോലെ ഉയർന്ന ശിക്ഷവിധിക്കുമെന്ന് കരുതിയിരുന്നില്ല. സൈഗോൺ കൊമേഴ്‌സ്യൽ ബാങ്കിനെ (എസ്‌സിബി) പുനഃക്രമീകരിക്കാനുള്ള സംസ്ഥാനത്തിന്‍റെ പദ്ധതിയാണ് പ്രതിയും കുട്ടാളികളും തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ചത്. വിപുലവും സംഘടിതവുമായ കുറ്റകൃത്യമാണ് പ്രതി നടത്തിയത്. തിരുത്താൻ സാധിക്കാത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമായി എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
11 വർഷം നീണ്ട തട്ടിപ്പിൽ സൂത്രധാരായിരുന്നത് ട്രൂങ് മൈ ലാനാണെന്ന് കോടതി വിലിയിരുന്നത്. എസ്‌സിബിയിലെ 91.5% ഓഹരി പരോക്ഷമായി അവൾ പല വ്യക്തികൾ മുഖേനയും സ്വന്തമാക്കി. വാൻ തിൻ ഫാറ്റിന്‍റെ ഇക്കോസിസ്റ്റത്തിലെ കമ്പനികൾക്ക് വായ്പ അനുവദിക്കാൻ ബാങ്കിന്‍റെ നേതാക്കളോട് നിർദേശിച്ചു. ഷെൽ കമ്പനികൾക്ക് പണം കൈമാറാനും എസ്‌സിബി ഓഫിസർമാരോട് ആവശ്യപ്പെട്ടു. ഇതിലൂടെയായിരുന്നു തട്ടിപ്പ്.
2012 മുതൽ 2022 വരെ ലാനും അവളുടെ കൂട്ടാളികളും 2,500 വായ്പകൾ നേടുകയും ബാങ്കിന് വൻ നഷ്ടം വരുത്തുകയും ചെയ്തു.എസ്‌സിബിയിലെ തെറ്റ് മറയ്ക്കാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമിലെ ഓഡിറ്റർമാർക്ക് കൈക്കൂലി നൽകാൻ ലാൻ തന്‍റെ ജീവനക്കാരോട് നിർദേശിച്ചു. ഹെഡ് ബാങ്കിങ് ഇൻസ്പെക്ടർ ദോ തി നാൻ 5.2 മില്യൻ ഡോളർ കൈക്കൂലിയായി സ്വീകരിച്ചു. എസ്‌ബിവിയുടെ ഡപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടറായ എൻഗുയെൻ വാൻ ഹംഗിന് 300,000 ഡോളർ കൈക്കൂലിയായി ലഭിച്ചു.